News Desk

2021-05-29 04:18:50 pm IST
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്റെ വ്യത്യസ്ത ഡോസുകള്‍ സ്വീകരിക്കുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് രാജ്യത്തെ ഉന്നത കൊവിഡ് ഉപദേശകന്‍ ഡോ. വികെ പോള്‍. വാക്‌സിന്‍ രണ്ട് ഡോസുകളും ഒരേ ഡോസ് തന്നെ സ്വീകരിക്കാന്‍ ശ്രദ്ധിക്കാമെങ്കിലും വ്യത്യസ്ത ഡോസുകള്‍ സ്വീകരിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലുള്ള ഗ്രാമത്തിലെ ഇരുപതോളം പേര്‍ വ്യത്യസ്ത വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് ഉന്നത വിദഗ്ധന്റെ പ്രസ്താവന വന്നിരിക്കുന്നത്. സിദ്ധാര്‍ത്ഥ് നഗറിലെ ബദനി പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററിലാണ് ഇരുപതോളം പേര്‍ക്ക് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് കോവിഷീല്‍ഡും രണ്ടാം ഡോസില്‍ കോവാക്‌സിനും നല്‍കിയത്. വ്യത്യസ്ത വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇതുവരെ ശാരീരിക ബുദ്ധിമുട്ടുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വ്യത്യസ്ത ഡോസുകള്‍ സുരക്ഷിതമാണെന്നും ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നതിനെ കുറിച്ച് ആലോചനയുണ്ടെന്നും ഡോ. വികെ പോള്‍ വ്യക്തമാക്കി. അതേസമയം, വാക്‌സിന്‍ മാറി നല്‍കിയത് അശ്രദ്ധയാണെന്നാണ് സിദ്ധാര്‍ത്ഥ് നഗറിലെ മുഖ്യ മെഡിക്കല്‍ ഓഫീസര്‍ സന്ദീപ് ചൗധരി വ്യക്തമാക്കിയത്. 

വ്യത്യസ്ത വാക്‌സിന്‍ ഡോസുകള്‍ നല്‍കുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വ്യക്തിക്ക് വാക്‌സിന്റെ ആദ്യ ഡോസ് ഏതാണോ ലഭിച്ചത് അതേ വാക്‌സിന്റെ രണ്ടാം ഡോസും ലഭിക്കേണ്ടതുണ്ട്. വാക്‌സിന്‍ മാറി നല്‍കിയതില്‍ അന്വേഷണം നടക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

വാക്‌സിന്‍ മാറി നല്‍കിയ സംഭവത്തില്‍ ഇതുമായി ബന്ധപ്പെട്ടവരില്‍ നിന്ന് വിശദീകരണം തേടാനും കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏപ്രില്‍ ആദ്യ ആഴ്ച നല്‍കിയത് കോവിഷീല്‍ഡ് വാക്സിനും മേയ് 14ന് രണ്ടാമത്തെ ഡോസായി നല്‍കിയത് കോവാക്സിനും ആയിരുന്നു. 20 ഗ്രാമീണര്‍ക്ക് ആണ് വാക്സിന്‍ മാറി നല്‍കിയത്.

വാക്സിന്‍ എടുത്തതിന് ശേഷം തങ്ങളെ ആരോഗ്യ വകുപ്പില്‍ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും പരിശോധന നടത്തിയിട്ടില്ലെന്നും വാക്സിന്‍ സ്വീകരിച്ചവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വാക്സിന്‍ സ്വീകരിച്ചതിന് ശേഷമാണ് രണ്ടാമത്തെ ഡോസായി കോവാക്സിനാണ് നല്‍കിയതെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഡോക്ടര്‍ പറഞ്ഞതായും അവര്‍ പ്രതികരിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ

Top