News Desk

2021-04-22 11:34:57 pm IST
ദമോഹ്: അടിയന്തര സാഹചര്യത്തില്‍ ഓക്‌സിജന്‍ ആവശ്യപ്പെട്ടയാള്‍ക്ക് മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് പട്ടേലിന്റെ ഭീഷണി. ടൈംസ് നൗ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



തന്റെ മണ്ഡലത്തിലെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്താനെത്തിയ കേന്ദ്രമന്ത്രിയോട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിന്റെ ചികിത്സക്കായി ഓക്‌സിജന്‍ ലഭ്യമല്ലെന്നും അക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നും ഒരാള്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ 'ഇങ്ങനെയെക്കെ സംസാരിച്ചാല്‍ രണ്ട് അടിയായിരിക്കും കിട്ടുക' എന്ന് ആക്രോശിച്ചു കൊണ്ടാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്. മധ്യപ്രദേശിലെ ദമോഹിലെ ജില്ലാ ഹോസ്പിറ്റലില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദമോഹില്‍ നിന്നുള്ള എം.പിയാണ് പ്രഹ്ലാദ് പട്ടേല്‍.

അതേസമയം, താന്‍ അടി വാങ്ങാന്‍ തയാറാണെന്നും അമ്മക്ക് ഓക്‌സിജന്‍ കിട്ടിയാല്‍ മതി എന്നും നിസ്സഹായതയോടെ അയാള്‍ മറുപടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

'നിങ്ങള്‍ക്ക് ആരെങ്കിലും ഓക്‌സിജന്‍ നിഷേധിച്ചോ' എന്ന് മന്ത്രി ചോദിക്കുന്നുണ്ട്. ആശുപത്രിക്കാര്‍ ഓക്‌സിജന്‍ നിഷേധിച്ചെന്നും ഒരു സിലിണ്ടര്‍ അഞ്ച് മിനിറ്റ് നേരത്തേക്കേ കിട്ടിയുള്ളൂയെന്നുമാണ് അയാളുടെ മറുപടി. 

ആര്‍ക്കും സഹായം നിഷേധിക്കുന്നില്ലെന്നും പരാതിക്കാരന്‍ ഉചിതമായ ഭാഷ ഉപയോഗിക്കണമായിരുന്നെന്നുമാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. പിന്നീട് മന്ത്രിയെ ന്യായീകരിച്ച് ബി.ജെ.പി വക്താവ് ഡോ. ആശിഷ് അഗര്‍വാള്‍ രംഗത്തെത്തി. 

പെട്ടന്ന് ക്ഷോഭിക്കുന്നയാളാണ് മന്ത്രി. ഒരുപക്ഷേ, താന്‍ ആ വാക്കുകള്‍ ഉപയോഗിച്ച സാഹചര്യമെന്തെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുകാണില്ല. ഈ സാഹചര്യത്തില്‍ എല്ലാവരും സംയമനം പാലിക്കേണ്ടതാണെന്ന് ആശിഷ് അഗര്‍വാള്‍ പറഞ്ഞു.

ഇതിനിടെ കേന്ദ്രമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. മാതാവ് മരണാസന്നയായി കിടക്കുമ്പോള്‍ ഇത്തരം വാക്കുകള്‍ പറഞ്ഞ മന്ത്രിയെ കൈയേറ്റം ചെയ്യാതിരുന്ന പരാതിക്കാരനെ അഭിനന്ദിക്കുന്നെന്ന് കോണ്‍ഗ്രസ് എം.എല്‍.എ കുനാല്‍ ചൗധരി പ്രതികരിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top