News Desk

2021-02-11 12:35:16 pm IST
കൊച്ചി: നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസില്‍ വന്‍ വഴിത്തിരിവ്. ക്രൈംബ്രാഞ്ചിന്റെ പുതിയ കണ്ടെത്തലാണ് ഈ വഴിത്തിരിവിന് കാരണമായത്. കേസിലെ പരാതിക്കാരനായ പെരുമ്പാവൂര്‍ സ്വദേശിയും നടിയും തമ്മില്‍ കരാറുകളൊന്നും തയ്യാറാക്കിയിട്ടില്ലെന്നും നടിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് മറ്റുചിലരാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. 

കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എല്ലാകാര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും ക്രൈംബ്രാഞ്ച് എസ്.പി. ടോമി സെബാസ്റ്റ്യന്‍ മാധ്യമങ്ങളോടു പറഞ്ഞു. 39 ലക്ഷം രൂപ വാങ്ങി പരിപാടിയില്‍ പങ്കെടുക്കാതെ സണ്ണി ലിയോണ്‍ വഞ്ചിച്ചെന്നായിരുന്നു പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ പരാതി. എന്നാല്‍ പരാതിക്കാരനുമായി സണ്ണി ലിയോണ്‍ കരാറുകളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. 

പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞത് വാക്കാല്‍ മാത്രമാണ്. പരാതിക്കാരന്‍ നടിക്ക് നേരിട്ട് പണം കൈമാറിയിട്ടില്ല. മറ്റുചിലരാണ് സണ്ണി ലിയോണിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത്. ഇവരാരും പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി നല്‍കിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് എസ്.പി പറഞ്ഞു. എന്തുകൊണ്ടാണ് നേരത്തെ നിശ്ചയിച്ച സ്റ്റേജ് ഷോ നടക്കാതിരുന്നതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേസില്‍ സണ്ണി ലിയോണിനെതിരായ വഞ്ചനാക്കുറ്റം നിലനില്‍ക്കുമോ എന്നതും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇരുവിഭാഗത്തിന്റെയും മൊഴികള്‍ അന്വേഷണസംഘം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top