News Desk

2021-02-14 06:05:47 pm IST
കൊച്ചി: ഗള്‍ഫിലെ ഇന്ത്യാക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.പി.സി.എല്‍ പെട്രോ കെമിക്കല്‍ പ്ലാന്റിന്റെ ഉദ്ഘാനത്തോടനുബന്ധിച്ച് കൊച്ചി റിഫൈനറീസിനു സമീപം അമ്പലമേട്ടിലെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് കാലത്ത് വന്ദേ ഭാരത് മിഷന്‍ വഴി 50 ലക്ഷത്തോളം ഇന്ത്യക്കാരെ രാജ്യത്തെത്തിച്ചു. ഇതില്‍ വലിയൊരളവ് കേരളത്തില്‍ നിന്നുള്ളവരാണ്. അവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ രാജ്യത്തിന് കഴിഞ്ഞുവെന്ന് മോദി പറഞ്ഞു. 

ഗള്‍ഫിലെ ജയിലില്‍ കഴിയുന്ന നിരവധി ഇന്ത്യക്കാരെ മോചിപ്പിക്കാനും സാധിച്ചു. ഇവര്‍ക്കായി ശബ്ദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും മോദി വ്യക്തമാക്കി.

അവരെ പുറത്തിറക്കാനും കൊവിഡ്കാലത്ത് ഇന്ത്യക്കാരെ രാജ്യത്തെത്തിക്കാനും ഒട്ടേറെ രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ സഹായിച്ചിരുന്നു. അവര്‍ക്കുള്ള നന്ദിയും പ്രധാനമന്ത്രി അറിയിച്ചു. 

അതേസമയം, വരും തലമുറയെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിന് രാജ്യത്തിന്റെ ആത്മനിര്‍ഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ ബി.പി.സിഎല്ലിന്റെ ഉള്‍പ്പെടെ പുതിയ വികസന പദ്ധതികളിലൂടെ വഴി തുറന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

6100 കോടിയുടെ വികസന പദ്ധികളാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. സ്വയം പര്യാപ്തതയിലേക്കുള്ള ചവിട്ടുപടിയാണ് കൊച്ചിന്‍ റിഫൈനറിയിലെ പെട്രോ കെമിക്കല്‍ കോംപ്ലക്‌സെന്ന് മോദി പറഞ്ഞു. 

തൊഴില്‍ സൃഷ്ടിക്കുന്നതും വിദേശനാണ്യം ലഭിക്കുന്നതുമായ പദ്ധതിയാണിതെന്നും 'സാഗരിക' വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് കുതിപ്പേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരി ശക്തമായതോടെ പലരും രാജ്യാന്തര യാത്ര അവസാനിപ്പിച്ചു. അതോടെ പ്രാദേശിക ടൂറിസത്തിനാണ് അവസരം ലഭിച്ചത്. ഇതൊരു വലിയ സാധ്യതയായി കാണണമെന്നും മോദി പറഞ്ഞു.

ഇടത്താവളം എന്ന നിലയിലല്ല സഞ്ചാരികള്‍ കൊച്ചിയിലേക്ക് വരുന്നത്. ഇവിടുത്തെ സംസ്‌കാരവും ചരിത്രവും മനസിലാക്കുന്നതിനു കൂടിയാണ്. സാഗരിക ക്രൂയിസ് ടെര്‍മിനല്‍ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് സഹായകരമാകും. 

നിലവിലെ സാഹചര്യം ആഭ്യന്തര ടൂറിസം വികസനത്തിന് പ്രയോജനപ്പെടുത്തണം. ടൂറിസത്തില്‍ നമുക്ക് ഇനിയും ഏറെ പുരോഗതി നേടാനാകുമെന്നും മോദി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനമെന്നാല്‍ റോഡുകള്‍ നിര്‍മിക്കുക മാത്രമല്ല. വരും തലമുറയെ ലക്ഷ്യം വച്ചുള്ള അടിസ്ഥാന സൗകര്യ വികസനമാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

തുറമുഖ വികസനവും തീരദേശ വികസനവും സമുദ്ര സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്. ഈ മേഖലയുടെ വികസനമാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്. ഈ വര്‍ഷത്തെ ബജറ്റില്‍ കേരളത്തിന് നിരവധി പദ്ധതികളുണ്ട്. കൊച്ചി മെട്രോ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top