News Desk

2021-04-26 05:34:26 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് മാരകമായതിനാല്‍ തുടക്കത്തിലെ രോഗം തിരിച്ചറിഞ്ഞാല്‍ നല്ലത്. രോഗലക്ഷണം കണ്ടാല്‍ അപ്പോള്‍ തന്നെ സ്വയം നിരീക്ഷണത്തിലേക്ക് മാറണം. അതിനായി പരിശോധന ഫലം വരാന്‍ കാത്തിരിക്കരുത് എന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആശുപത്രികളില്‍ എന്ത് സജ്ജീകരണമൊരുക്കിയിട്ടും കാര്യമില്ല.  ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഓക്‌സിജന്‍ ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ഓക്‌സിജന്‍ ഉല്‍പാദന ടാങ്കുകള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിക്കുന്നുണ്ട്. നിലവിലെ ഓക്‌സിജന്‍ വിതരണം മെഡിക്കല്‍ ആവശ്യത്തിന് മാത്രമാണ്. റെയില്‍വേ ഓക്‌സിജന്‍ എക്‌സ്പ്രസുകളുടെ സര്‍വീസ് തുടങ്ങിയിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതല്‍ ഉള്ള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ബന്ധമാണ്. കേരളത്തിലെയും രോഗവ്യാപനം ആശങ്കാ ജനകമാണ്. ഒരു ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്. രോഗബാധിതരില്‍ 15 ശതമാനം പേര്‍ക്കാണ് ഗുരുതര ലക്ഷണങ്ങള്‍ കാണുന്നത്. വയറിളക്കം, ഛര്‍ദ്ദി, ശ്വാസതടസലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും ചികിത്സ തേടണം. നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ ചികിത്സ തുടരണമെന്നും ലവ് അഗര്‍വാള്‍ നിര്‍ദ്ദേശിച്ചു. 

രാജ്യത്ത് പ്രതിദിന കൊവിഡ് വര്‍ധന മൂന്നര ലക്ഷം പിന്നിട്ട അവസ്ഥയാണുള്ളത്. 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് രാവിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്. 2812 മരണം കൂടി ഈ സമയത്തിനുള്ളില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 28 ലക്ഷം കടന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top