News Desk

2021-03-10 03:44:46 pm IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ടത് ബി.ജെ.പിയില്‍ ചേരാനോ എന്ന ചോദ്യമാണ് പി.സി ചാക്കോയ്‌ക്കെതിരായി ആദ്യം ഉയര്‍ന്നത്. ഈ ചോദ്യത്തില്‍ അദ്ദേഹം തന്നെ വ്യക്തതവരുത്തിയിരിക്കുകയാണ്. ബി.ജെ.പി കേരളത്തില്‍ ഒരു ഘടകമേയല്ല. വര്‍ഗീയ പാര്‍ട്ടികളെ കേരളം അംഗീകരിക്കില്ല. നാളെ എങ്ങോട്ട് പോകുമെന്ന് ആലോചിച്ചിട്ടല്ല രാജിവെച്ചതെന്നും പി.സി ചാക്കോ പറഞ്ഞു. 

എന്‍.സി.പിയില്‍ ചേരുമോ എന്നും ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യവും ചാക്കോ തള്ളി. 'കേരളത്തില്‍ കോണ്‍ഗ്രസുകാരനായിരിക്കുക അസാധ്യമാണ്. ഗ്രൂപ്പുകാരനായിരിക്കുക എന്നത് മാത്രമാണ് സാധ്യം. അതാണ് ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും കണ്ടത്. ഐയുടെ സ്ഥാനാര്‍ഥികള്‍ ഇത്ര, എയുടെ ഇത്ര സ്ഥാനാര്‍ഥികള്‍ എന്ന് മാത്രമാണ് നോക്കുന്നത്. വിജയ സാധ്യത, മെറിറ്റ് ഒന്നും മാനദണ്ഡമാകുന്നില്ല. മറ്റ് സാമൂഹ്യമായ അംശങ്ങളൊന്നും പരിഗണിക്കുന്നില്ല. ഗ്രൂപ്പിനാണ് മുന്‍തൂക്കം. അതുകൊണ്ടാണ് കോണ്‍ഗ്രസിനോട് വിട പറയുന്നതെന്നും പി.സി പറഞ്ഞു. 

ഞാന്‍ പല സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തന്ന സഹകരണത്തിനെല്ലാം നന്ദി പറയുന്നു. രണ്ട് വര്‍ഷമായി കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം സജീവമല്ല. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചു. വര്‍കിങ് കമ്മിറ്റി രാജി പിന്‍വലിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടും കേട്ടില്ല. നേതൃത്വമില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യം. അനാരോഗ്യം അവഗണിച്ച് സോണിയ ഗാന്ധി നയിച്ചു. ഇത്രയും കാലമായിട്ടും ഒരു നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിനായില്ല. ഒരു ഒപ്പിടല്‍ പ്രസ്ഥാനം ശരിയാണെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് വേണമെന്നാണ് നേതാക്കള്‍ പറഞ്ഞത്. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോകുന്നത് ബി.ജെ.പിയുടെ ശക്തി കൊണ്ടല്ല. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം കൊണ്ടാണ്. ഒരു നേതൃത്വമില്ലാതെ പോകുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഒരു മാറ്റവുമുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാജി. എന്റെ രാജി കോണ്‍ഗ്രസിന്റെ കണ്ണ് തുറപ്പിക്കുമെങ്കില്‍ ചാരിതാര്‍ഥ്യതയുണ്ടാകുമെന്നും ചാക്കോ വ്യക്തമാക്കി. 

ഈ തീരുമാനം പാര്‍ട്ടിയെ നന്നാക്കാനുള്ള എന്റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടതുകൊണ്ടാണ്. നാളെ ഞാന്‍ എങ്ങോട്ടുപോകുമെന്ന് ആലോചിച്ചിട്ടില്ല. നാളെ എന്തെന്നുള്ള പ്രശ്‌നം എന്റെ മുന്നിലില്ല. നില്‍ക്കുന്ന പാര്‍ട്ടിയില്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നാണ് ആലോചിച്ചത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായി സഹകരിക്കാന്‍ മുന്‍കൈ എടുത്ത ആളാണ് ഞാന്‍. എ.കെ ആന്റണിയും ഞാനും കൂടിയാണ് 1980ല്‍ ഇ.എം.എസിനെ കണ്ടത്. കോണ്‍ഗ്രസില്‍ അന്ന് എതിര്‍പ്പുണ്ടായിരുന്നു. പിന്നീട് രാജീവ് ഗാന്ധിയുടെ കാലത്താണ് കോണ്‍ഗ്രസുകാര്‍ എല്ലാം ഒന്നിക്കണമെന്ന തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ശരദ് പാവാറിനൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ലാഭനഷ്ടങ്ങള്‍ നോക്കിയല്ല പ്രിന്‍സിപ്പിള്‍സിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ എന്നും എടുത്തിട്ടുള്ളത്. ബി.ജെ.പി കേരളത്തില്‍ ഒരു ഘടകമേയല്ല. വര്‍ഗീയ പാര്‍ട്ടികളെ കേരളം അംഗീകരിക്കില്ലെന്നും പി.സി ചാക്കോ മാധ്യമങ്ങളോടു വ്യക്തമാക്കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top