News Desk

2021-10-13 09:59:53 pm IST
ന്യൂഡല്‍ഹി: മഹാത്മ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ലെന്ന പ്രസ്താവനയുമായി സവര്‍ക്കറുടെ പേരമകന്‍ രഞ്ജിത് സവര്‍ക്കര്‍. ഇന്ത്യ പോല ഒരു രാജ്യത്തിന് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടത് എന്നാണ് രഞ്ജിത്തിന്റെ വിവാദ പ്രസ്താവന. രാജ്യത്തിന് 50 വര്‍ഷത്തെ പഴക്കമല്ല അഞ്ഞൂറ് വര്‍ഷത്തെ പഴക്കമുണ്ടെന്നും രഞ്ജിത്  സവര്‍ക്കര്‍ പറഞ്ഞു. 

സവര്‍ക്കറെ കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നടത്തിയ പരാമര്‍ശത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിരുന്നു. വളച്ചൊടിച്ചാണ് ചരിത്രസംഭവങ്ങളെ ബി.ജെ.പി അവതരിപ്പിക്കുന്നത്. ഇങ്ങനെ തുടരുകയാണെങ്കില്‍ സവര്‍ക്കറെ ബി.ജെ.പി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് ഒവൈസി പ്രതികരിച്ചതിന് പിന്നാലെയാണ് രഞ്ജിത് സവര്‍ക്കര്‍ പ്രതികരണവുമായി രംഗത്തെത്തിയത്. 

രാജ്നാഥ് സിങിന്റെ പരാമര്‍ശത്തെ തള്ളി ശിവസേന നേതാവ് സഞ്ജയ് റാവത്തും രംഗത്തുവന്നിരുന്നു. ഹിന്ദു മഹാസഭാ നേതാവ് വീര സവര്‍ക്കര്‍ ബ്രിട്ടിഷുകാരോട് മാപ്പു ചോദിച്ചിട്ടില്ലെന്ന് സഞ്ജയ് റാവത്തിന്റെ പ്രതികരണം. സ്വാതന്ത്ര്യ സമരകാലത്ത് ദീര്‍ഘകാലം ജയിലില്‍ കിടന്നവര്‍ പുറത്തുവരാന്‍ പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ജയിലില്‍ തന്നെ തുടരുകയല്ല, എങ്ങനെയെങ്കിലും പുറത്തുവരികയാണ് ആ തന്ത്രങ്ങളുടെയൊക്കെ അടിസ്ഥാനം. രാഷ്ട്രീയത്തടവുകാര്‍ ഇത്തരം തന്ത്രങ്ങള്‍ സ്വീകരിക്കുന്നതു പതിവാണെന്ന് ശിവസേനാ നേതാവ് അവകാശപ്പെട്ടു.

സവര്‍ക്കര്‍ അങ്ങനെയൊരു തന്ത്രം പ്രയോഗിച്ചിട്ടുണ്ടാവാം. അതിനെ മാപ്പപേക്ഷ എന്നൊന്നും പറയാനാവില്ല. സവര്‍ക്കാര്‍ ബ്രിട്ടിഷുകാരോട് മാപ്പപേക്ഷിച്ചിട്ടേയില്ല റാവത്ത് പറഞ്ഞു.'സവര്‍ക്കറെക്കുറിച്ച് നുണകള്‍ പ്രചരിപ്പിക്കപ്പെട്ടു. ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് മുമ്പാകെ മാപ്പപേക്ഷ സമര്‍പ്പിച്ചുവെന്ന് പറയപ്പെടുന്നു. മഹാത്മാ ഗാന്ധി ആവശ്യപ്പെട്ടിട്ടാണ് അദ്ദേഹം മാപ്പപേക്ഷ നടത്തിയത് എന്നായിരുന്നു രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top