2019-12-25 05:00:44pm IST
റോം: എരിവുള്ള ഭക്ഷണം കഴിക്കുന്നത് ഹൃദയാഘാതം, ഹൃദ്രോഗം തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പഠനം.ഇറ്റാലിയൻ ഗവേഷകരുടെ പുതിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കിന്നത്.

ഇറ്റലിയിലെ മോളിസ് മേഖലയിലെ 22,000-ത്തിലധികം പൗരന്മാരിൽ നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണലിൽ ഡിസംബറിൽ പ്രസിദ്ധീകരിച്ച ഈ പഠനം.

സ്ഥിരമായി മസാല മുളക് അല്ലെങ്കിൽ മറ്റ് മസാലകൾ കഴിക്കുന്നവർ ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത 40% കുറവാണെന്നും മറ്റ്  കാരണങ്ങളാലുള്ള  മരണനിരക്ക് 23% കുറവാണെന്നും പഠനം കണ്ടെത്തി.

മുളക് എല്ലായ്പ്പോഴും ഇറ്റാലിയൻ ഭക്ഷണ സംസ്കാരത്തിന്റെ അടിസ്ഥാന ഘടകമാണെന്ന് ന്യൂറോമെഡിലെ എപ്പിഡെമിയോളജി ആൻഡ് പ്രിവൻഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്ടറും വാരീസിലെ ഇൻസുബ്രിയ സർവകലാശാലയിലെ പ്രൊഫസറുമായ ലിസിയ ഇക്കോവില്ലോ പറഞ്ഞു.ഇറ്റാലിയൻ ഭക്ഷ്യ സംസ്കാരത്തിലൂടെ മുളകിന്റെ ഗുണം ലഭിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

മുളക് എങ്ങനെ ആരോഗ്യത്തിന് നല്ലതാകുന്ന എന്ന ബയോകെമിക്കൽ സംവിധാനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പദ്ധതിയിടുകയാണ്  ഗവേഷകർ ഇപ്പോൾ.

 
Top