News Desk

2021-02-23 06:55:09 pm IST
ആലപ്പുഴ: തന്നെ ഏല്‍പ്പിച്ച സ്വര്‍ണം മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്ന വെളിപ്പെടുത്തലുമായി മാന്നാറില്‍ അക്രമി സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു ബിനോയ്. ദുബൈയില്‍ ഹനീഫ എന്നയാളാണ് നാട്ടില്‍ എത്തിക്കണമെന്ന് പറഞ്ഞ് ബാഗ് കൈമാറിയത്. ഇതു സ്വര്‍ണമാണെന്ന് അറിഞ്ഞത് പിന്നീടാണെന്നും ബിന്ദു പറഞ്ഞു.  

താന്‍ സ്വര്‍ണ്ണക്കടത്തുകാരിയല്ലെന്നും ഏത് അന്വേഷണത്തോടും സഹകരിച്ച് നിരപരാധിത്വം തെളിയിക്കാന്‍ തയാറാണ്. വിമാനത്തില്‍ കയറുമ്പോള്‍ പൊന്നാനി സ്വദേശി ഒരു പൊതി തന്നെ ഏല്‍പ്പിച്ചതായും അത് സ്വര്‍ണമാണെന്ന് മനസിലായതോടെ മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചതായും ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞു.

തന്നെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തിന്റെ മര്‍ദനത്തില്‍ നട്ടെല്ലിനു ക്ഷതമേറ്റതായും എം.ആര്‍.ഐ സ്‌കാനിങ്ങ് അടക്കമുള്ള പരിശോധനകള്‍ നടത്തിയതായും ഇവര്‍ പറഞ്ഞു. ദുബൈയില്‍ ഡ്രൈവറായിരുന്ന ഭര്‍ത്താവ് ബിനോയിയുടെ ടാക്‌സി വാഹനം ഓട്ടം വിളിച്ചുള്ള പരിചയമാണ് പൊന്നാനി സ്വദേശി ഹനീഫയുമായിട്ടുള്ളത്. ജോലി അന്വേഷിക്കാനായുള്ള വിസിറ്റിങ് വിസ അയച്ചു തന്നു. തിരികെ മടങ്ങുവാനായി വിമാനത്താവളത്തിലെത്തിയതിനു ശേഷമാണ് ഹനീഫ പൊതി ഏല്‍പ്പിച്ചത്. സ്വര്‍ണ്ണമാണെന്ന് മനസ്സിലായതിന്റെ പശ്ചാത്തലത്തില്‍ മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചാണ് നെടുമ്പാശ്ശേരിയിലേക്കു കയറിയതെന്നും ബിന്ദു വ്യക്തമാക്കി. 

ഇവിടെ എത്തിയപ്പോള്‍ അത് വാങ്ങുവാനായി വിമാനത്താവളത്തില്‍ ആളുകള്‍ വന്നിരുന്നു. തന്റെ കയ്യില്‍ സ്വര്‍ണ്ണമില്ലെന്ന സത്യാവസ്ഥ തുറന്നു പറഞ്ഞെങ്കിലും വിശ്വസിക്കുവാന്‍ തയ്യാറാകാതെ സഞ്ചരിച്ച വാഹനത്തെ സംഘം പിന്തുടര്‍ന്നു. ഇതിനാല്‍ വഴികള്‍ മാറിയാണ് വീട്ടില്‍ എത്തിയത്. നാലംഗ സംഘമായിരുന്നു വാഹനത്തില്‍ തന്നെ തട്ടിക്കൊണ്ടുപോയതെന്നും യാത്രക്കിടയില്‍ സ്വര്‍ണ്ണത്തിന്റെ കാര്യങ്ങള്‍ ചോദിച്ച് മര്‍ദിച്ചെന്നും നെല്ലിയാമ്പതിയില്‍ എത്തിയ ശേഷം മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് വടക്കാഞ്ചേരിയില്‍ ഉപേക്ഷിച്ചതെന്നും ബിന്ദു വെളിപ്പെടുത്തി. തന്നെ സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയായി ചിത്രീകരിക്കുന്നതില്‍ സത്യത്തിന്റെ അംശമേയില്ല. തന്റെ ബാങ്ക് ബാലന്‍സ് വെറും 345 രൂപ മാത്രമാണെന്നും ബിന്ദു പറഞ്ഞു. 

വിഡിയോ കടപ്പാട്: മനോരമ ന്യൂസ് ചാനല്‍ 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top