News Desk

2021-03-16 03:11:40 pm IST
സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജാങ്. അമേരിക്കന്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ ദക്ഷിണ കൊറിയ ജപ്പാന്‍ സന്ദര്‍ശനം ആരംഭിച്ചതിന് പിന്നാലെയാണ് കിം യോ ജാങിന്റെ പ്രതികരണം. ഉത്തരകൊറിയന്‍ പത്രത്തിലും അവര്‍ ജോ ബൈഡനെതിരെ വിമര്‍ശനം ഉന്നയിച്ച് മുന്നോട്ടു വന്നു.

'ഞങ്ങളുടെ രാജ്യത്ത് വെടിയുണ്ടകളുടെ ഗന്ധം പരത്താന്‍ ശ്രമിക്കുന്ന അമേരിക്കയിലെ പുതിയ ഭരണകൂടത്തിനോട് ഒരു കാര്യം പറയാനുണ്ട്. അടുത്ത നാല് വര്‍ഷം നിങ്ങള്‍ക്ക് സുഖമായി ഉറങ്ങണമെങ്കില്‍ തുടക്കത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതിരിക്കുന്നതാകും നല്ലത്. പ്രശ്‌നങ്ങളുണ്ടായാല്‍ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും', കിം യോ ജോങ് പറഞ്ഞു.

അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സൈനിക സഹകരണം ഉത്തരകൊറിയയെ കടന്നാക്രമിക്കാനാണെന്നും അവര്‍ പറഞ്ഞു. യുദ്ധത്തിനും പ്രതിസന്ധികള്‍ക്കുമായി ദക്ഷിണ കൊറിയ വീണ്ടും മാര്‍ച്ച് ചെയ്ത് വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയയുടെ ബാലിസ്റ്റിക്ക് മിസൈല്‍ പദ്ധതിയില്‍ യു.എസും ദക്ഷിണകൊറിയയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

അടുത്തമാസമാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരകൊറിയയുമായി ബന്ധപ്പെട്ട യു.എസ് നയം പ്രഖ്യാപിക്കുക. ഈ സാഹചര്യത്തില്‍ ഈ ആഴ്ചയിലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ദക്ഷിണ കൊറിയ സന്ദര്‍ശനം വലിയ പ്രാധാന്യമുള്ള വിഷയമായി അന്താരാഷ്ട്ര ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top