News Desk

2021-04-11 05:49:33 pm IST
മസ്‌കത്ത്: ഒമാന്‍ പൗരന്മാരുടെ വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും മൂല്യവര്‍ധിത നികുതി (വാറ്റ്) സര്‍ക്കാര്‍ വഹിക്കും. സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖിന്റെ അംഗീകാരത്തോടെയാണ് പൗരന്മാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനം പ്രഖ്യാപിച്ചത്. ഏപ്രില്‍ 16 മുതലാണ് പുതിയ വാറ്റ് നിയമം രാജ്യത്ത് നടപ്പിലാക്കാന്‍ പോകുന്നത്.

 പാര്‍പ്പിട വിഭാഗത്തില്‍പ്പെട്ട രണ്ട് അക്കൗണ്ട് വരെയുള്ളവയുടെ വാറ്റാണ് സാമൂഹിക സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വഹിക്കുക. നേരത്തെതന്നെ ഇരു സേവനങ്ങള്‍ക്കും സര്‍ക്കാരിന്റെ സഹായം ലഭിക്കുന്ന കുടുംബങ്ങള്‍ക്കും നികുതിയിളവ് ലഭിക്കും.നേരത്തെ 488 അവശ്യവസ്തുക്കളെ വാറ്റില്‍നിന്ന് ഒഴിവാക്കുന്ന തീരുമാനവും പ്രഖ്യാപിച്ചു. 

സാമൂഹിക സുരക്ഷ പദ്ധതിയുടെ ഭാഗമായി മാസവരുമാനം 350 റിയാലില്‍ കുറവുള്ളവരെ ഭവനവായ്പ അടക്കുന്നതില്‍നിന്ന് ഒഴിവാക്കിയിരുന്നു. രാജ്യത്തെ 650 ലേറെ കുടുംബങ്ങള്‍ക്ക് ഇത് സഹായകരമാകും. കൊവിഡിന്റെ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സുല്‍ത്താന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സാധാരണ ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നത് ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അവശ്യവസ്തുക്കളുടെ നികുതി ഒഴിവാക്കി അത് സര്‍ക്കാര്‍ ഏറ്റെടുത്തത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top