News Desk

2021-03-06 12:53:43 pm IST
കൊച്ചി: ലൈഫ്മിഷന്‍ യുണിടാക് ഇടപാടില്‍ സന്തോഷ് ഈപ്പന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന് സമ്മാനിച്ച വിലകൂടിയ ആറ് ഐഫോണുകളിലൊന്ന് സി.പി.എം നേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ കൈവശമെന്ന് കണ്ടെത്തല്‍. 

കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണക്കടത്ത് കേസ് വിവാദമാകുന്നതു വരെ ഇവരുടെ പേരിലുള്ള സിംകാര്‍ഡ് ഈ ഐഫോണില്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്. 

1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചത്. സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐ ഫോണുകളില്‍ ഏറ്റവും വില കൂടിയ ഫോണായിരുന്നു ഇത്.

ഇതേത്തുടര്‍ന്ന് വിനോദിനിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് നോട്ടിസ് അയച്ചു. ഈ മാസം 10ന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ എത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഐ.എം.ഇ.ഐ നമ്പര്‍ വഴിയാണ് കസ്റ്റംസ് സിംകാര്‍ഡും കണ്ടെത്തിയത്. കോണ്‍സല്‍ ജനറലിന് നല്‍കിയ ഫോണ്‍ വിനോദിനിക്ക് എങ്ങനെ ലഭിച്ചെന്നും അന്വേഷിക്കും.

ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് വേണ്ടി കോഴ നല്‍കിയിരുന്നതായി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവന്‍, പദ്മനാഭ ശര്‍മ, ജിത്തു, പ്രവീണ്‍ എന്നിവര്‍ക്കാണ് ലഭിച്ചതെന്ന് കണ്ടെത്തിയിരുന്നു.

ആറ് ഐഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയിരുന്നത്. ഇതില്‍ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് കണ്ടെത്തുകയായിരുന്നു.

സ്വപ്ന സുരേഷ് ആവശ്യപ്പെട്ടതനുസരിച്ചാണ് സന്തോഷ് ഈപ്പന്‍ വിലകൂടിയ ഫോണുകള്‍ വാങ്ങി നല്‍കിയതെന്നായിരുന്നു കണ്ടെത്തല്‍. ഇതില്‍ ഒരു ഫോണ്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിച്ചതായി സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു. 

എന്നാല്‍ താന്‍ ആരില്‍നിന്നും ഫോണ്‍ വാങ്ങിയിട്ടില്ലെന്നും കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങിലെ തിരഞ്ഞെടുപ്പു വിജയികള്‍ക്ക് അവരുടെ അഭ്യര്‍ഥന പ്രകാരം സമ്മാനം നല്‍കിയിരുന്നെന്നും ചെന്നിത്തല പ്രതികരിച്ചിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top