Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-09-04 07:20:51pm IST

ന്യൂഡല്‍ഹി: ജെയഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ അടക്കം നാലു പേരെ കൊടും ഭീകരരായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മസൂദ് അസര്‍, ലഷ്‌കര്‍ ഇ ത്വയ്യിബ നേതാവ് ഹാഫിസ് സയ്യിദ്, സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വി, 1993-ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനും അധോലോക നേതാവുമായ ദാവൂദ് ഇബ്രാഹിം എന്നിവരെയാണ് കേന്ദ്രസര്‍ക്കാര്‍ ഭീകരരായി പ്രഖ്യാപിച്ചത്.

മസൂദ് അസറിനെ ആഗോള ഭീകരവാദിയായി യുഎന്‍ സുരക്ഷാ സമിതി 2019 മെയ് 1-ന് പ്രഖ്യാപിച്ചിരുന്നു. അസറിന്റെ നേതൃത്വത്തിലാണ് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് 2001-ല്‍ ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരത്തില്‍ ആക്രമണം നടത്തിയത്. അതേ ഭീകര സംഘടനയാണ് ഈ വര്‍ഷം ജനുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്റെയും സൂത്രധാരര്‍. പുല്‍വാമയില്‍ കാര്‍ ഇടിച്ചു കയറ്റി ചാവേര്‍ പൊട്ടിത്തെറിച്ചപ്പോള്‍ കൊല്ലപ്പെട്ടത് 40 ജവാന്‍മാരാണ്.

മസൂദ് അസര്‍ 1994-ല്‍ കശ്മീരിലെ അനന്ത് നാഗില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ 1999 ഡിസംബറില്‍ ഇന്ത്യന്‍ വിമാനം കാണ്ഡഹാറില്‍ റാഞ്ചിയ ഭീകരര്‍ പകരം ആവശ്യപ്പെട്ടത് അസര്‍ അടക്കമുള്ള ഭീകരരെ മോചിപ്പിക്കണമെന്നായിരുന്നു. അന്ന് ഇന്ത്യന്‍ സര്‍ക്കാരിന് ആ ഭീഷണിയ്ക്ക് വഴങ്ങേണ്ടി വന്നു.

ലഷ്‌കര്‍ ഇ ത്വയ്യിബ നേതാവ് ഹഫീസ് സയ്യീദ് എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ്. 2008-ലെ മുംബൈ ഭീകരാക്രമണ പരമ്പരയുടെ സൂത്രധാരന്‍. നാല് ദിവസങ്ങളാണ് ആക്രമണം നടന്നത്. 174 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതില്‍ 9 ഭീകരരും ഉള്‍പ്പെടുന്നു. ഒരാളെ അന്ന് ഇന്ത്യ ജീവനോടെ പിടിച്ചു. 300-ലധികം പേര്‍ക്ക് അന്ന് പരിക്കേറ്റു.

ദാവൂദ് ഇബ്രാഹിം ഇപ്പോള്‍ പാക്കിസ്ഥാനിലാണുള്ളതെന്നാണ് കരുതപ്പെടുന്നത്. 1993-ല്‍ മുംബൈയില്‍ നടന്ന സ്‌ഫോടനപരമ്പരയുടെ സൂത്രധാരന്‍ ദാവൂദായിരുന്നു. 300-ഓളം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. ലോകത്തെ 10 മോസ്റ്റ് വാണ്ടഡ് ഭീകരരുടെ ലിസ്റ്റിലുണ്ട് ദാവൂദും. ആഗോള തീവ്രവാദിയായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ദാവൂദിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

പാര്‍ലമെന്റ് കഴിഞ്ഞ ജൂലൈയില്‍ പാസ്സാക്കിയ യുഎപിഎ നിയമഭേദഗതി അനുസരിച്ച് വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാമെന്ന ചട്ടപ്രകാരമാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഭീകരസംഘടനകളുമായി ശക്തമായ ബന്ധമുള്ളതിന് തെളിവുകള്‍ ലഭിച്ചാല്‍ എന്‍ഐഎയ്ക്ക് വ്യക്തികളുടെ സ്വത്ത് പിടിച്ചെടുക്കാനും ഭീകരരായി പ്രഖ്യാപിക്കാനുമുള്ള അനുവാദം നല്‍കുന്നതാണ് നിയമഭേദഗതി. ഇതിന് സംസ്ഥാന പൊലീസിന്റെ അനുമതി എന്‍ഐഎയ്ക്ക് തേടേണ്ടതില്ല.

Top