News Desk

2021-02-23 08:50:24 pm IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. ഓഫിസിനെതിരെയുള്ള ഇ.ഡിയുടെയും കസ്റ്റംസിന്റെയും സ്വര്‍ണക്കടത്തു കേസ് അന്വേഷണം ഇഴയുന്നതെന്താണെന്നു മനസിലാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി ഉന്നയിച്ചു. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കുമെന്ന് ജനങ്ങള്‍ക്കു വേണ്ടിയാണോ പാര്‍ട്ടിക്കുവേണ്ടിയാണോ എല്‍.ഡി.എഫ് പറയുന്നതെന്നു രാഹുല്‍ ഗാന്ധി ചോദിച്ചു. ഇടതു പാര്‍ട്ടിയിലാണെങ്കില്‍ മാത്രം ജോലി ലഭിക്കുകയും പാര്‍ട്ടി കൊടിപിടിച്ചാല്‍ സ്വര്‍ണക്കടത്ത് അനുവദിക്കുകയും ചെയ്യുന്ന സാഹചര്യമാണ്. സര്‍ക്കാരിന്റെ ഭാഗമാണെങ്കില്‍ സ്വര്‍ണക്കടത്ത് ജോലി മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്നും ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം ആരോപിച്ചു. 

പക്ഷേ, സാധാരണക്കാരായ ചെറുപ്പക്കാര്‍ക്കു ജോലി വേണമെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കേണ്ടിവരും. അവര്‍ നിരാഹാരം കിടന്നാലും മുഖ്യമന്ത്രി ചര്‍ച്ച നടത്തില്ല. കാരണം അവര്‍ ഇടതു പ്രവര്‍ത്തകരല്ല. ഇടതു പ്രവര്‍ത്തകരായിരുന്നെങ്കില്‍ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിനു മുന്നിലെത്തി ചര്‍ച്ച നടത്തുമായിരുന്നെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്ക് അടിസ്ഥാന വേതനമൊരുക്കുന്ന ന്യായ് പദ്ധതി പ്രകടന പത്രികയില്‍ ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സീറ്റുകള്‍ തൂത്തുവാരി സര്‍ക്കാരുണ്ടാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top