News Desk

2021-05-22 06:13:35 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് 28514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് റെക്കോര്‍ഡ് മരണനിരക്കാണ് ഇന്ന് രേഖപ്പെടുത്തയിരിക്കുന്നത്. 176 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. 45400 പേര്‍ രോഗമുക്തി നേടി. 

126028 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. നാലു ദിവസത്തിനിടെ 500 ലേറെ പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7170 ആയി ഉയര്‍ന്നു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസര്‍ഗോഡ് 702, വയനാട് 499 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷകള്‍  ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടത്താനും തീരുമാനിച്ചു. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴ് വരെ  നടത്തും. മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്‌സീനേറ്റ് ചെയ്യും. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ ഇക്കാര്യം കൂട്ടായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ബ്ലാക്ക് ഫംഗസിന്റെ കാര്യത്തില്‍ മെഡിക്കല്‍ ഓഡിറ്റ് നടത്തും. മരുന്ന് ലഭ്യത ഉറപ്പാക്കും. പാര്‍ശ്വഫലം ഇല്ലാത്ത മരുന്ന് വില കൂടിയതാണെങ്കിലും നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ആദിവാസി ഊരുകളില്‍ രോഗം പടരുന്നു. അവിടെ പരിശോധന നടത്തി രോഗികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വാക്‌സീനേറ്റ് ചെയ്യേണ്ടവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ വാക്‌സീന്‍ നല്‍കും. വൃദ്ധസദനങ്ങള്‍ ചിലതില്‍ വിവിധ രോഗങ്ങളുള്ളവര്‍ കാണും. അത് കൃത്യമായി പരിശോധിക്കും. അപൂര്‍വം ചിലയിടത്ത് കൊവിഡ് ബാധിച്ചിട്ടുണ്ട്. എല്ലാ വയോജന കേന്ദ്രങ്ങളും സാമൂഹ്യക്ഷേമ വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. വേണ്ട നടപടികള്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് അതിന് ക്രമീകരണം ഉണ്ടാക്കും. ചില മത്സ്യ-പച്ചക്കറി മാര്‍ക്കറ്റുകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രതികൂലമാകുന്നുണ്ട്. കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യമുണ്ട്. ഇത് പരിശോധിച്ച് നിയന്ത്രണവിധേയമാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top