News Desk

2021-02-27 10:41:31 am IST
ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയതില്‍ പങ്കാളികളായത് മൂന്നു സംഘങ്ങളില്‍പ്പെട്ടവരെന്ന നിര്‍ണായകമായ വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നേരത്തെയും യുവതി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ടെന്നാണ് വിവരം. 

ഒന്നരകിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്റെ നിഗമനം. യുവതിയെ തട്ടിക്കൊണ്ടുപോയി രണ്ടു മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയാനും വാഹനത്തിന്റെ നമ്പര്‍ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിരുന്നു. ഇതോടെയാണ് നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിന് വ്യക്തമായത്. മലബാര്‍, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരും പ്രാദേശികമായി തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ സഹായിച്ചവരുമാണ് പിടിയിലായവര്‍. 

എറണാകുളം പറവൂര്‍ മന്നം കാഞ്ഞിരപ്പറമ്പില്‍ വെടിമറ വീട്ടില്‍ അന്‍ഷാദ് (36), പൊന്നാനി ആനയടി പാലയ്ക്കല്‍ അബ്ദുല്‍ ഫഹദ് (35), തിരുവല്ല കുരിശുകവല  ശങ്കരമംഗലം വീട്ടില്‍ ബിനോ വര്‍ഗീസ് (39), പരുമല തിക്കപ്പുഴ മലയില്‍ തെക്കേതില്‍  ശിവപ്രസാദ് ( കുട്ടപ്പായി 37), പരുമല കോട്ടയ്ക്കമാലി സുധീര്‍ (കൊച്ചുമോന്‍ 36) എന്നിവരെ കൂടി മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. ഇവര്‍ മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തു സംഘവുമായി ബന്ധപ്പെട്ടവരാണെന്നും ഇതില്‍ അന്‍ഷാദ്, അബ്ദുല്‍ ഫഹദ് എന്നിവരൊഴികെയുള്ളവര്‍ സ്വര്‍ണക്കടത്തു സംഘത്തിനു പ്രാദേശികമായി സഹായം നല്‍കിയവരാണെന്നും പൊലീസ് പറഞ്ഞു. 

മാന്നാര്‍ കുരട്ടിക്കാട് സ്വദേശി ബിനോയിയുടെ വീടു ആക്രമിച്ച് ഭാര്യ ബിന്ദുവിനെ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്. അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്ന മാന്നാര്‍, പരുമല സ്വദേശികളാണ് വീടാക്രമിച്ച് യുവതിയെ പിടിച്ച് സംഘത്തെ ഏല്‍പ്പിച്ചത്. പ്രധാന പ്രതി രാജേഷ് പ്രഭാകറിന്റെ ഭാര്യയുടെ പേരിലുള്ള ഇന്നോവ കാറിലാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതെന്നും കാര്‍ ഓടിച്ചിരുന്നത് അബ്ദുല്‍ ഫഹദ് ആണെന്നും പൊലീസ് പറഞ്ഞു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top