News Desk

2021-05-23 06:44:14 pm IST
ന്യൂഡല്‍ഹി: മൂക്കിലൂടെ വാക്സിന്‍ ഡോസ് സ്വീകരിക്കുന്ന ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിന്‍ കുട്ടികളിലെ കൊവിഡ് ബാധയെ ചെറുത്ത് നിര്‍ത്താന്‍ ഏറെ സഹായകമാകുമെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥന്‍. കൊവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ കുഞ്ഞുങ്ങളെയാണ് ഏറ്റവും രൂക്ഷമായി ബാധിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണിത് സൗമ്യയുടെ പ്രസ്താവന.

ഇന്ത്യന്‍ നിര്‍മിത നേസല്‍ വാക്‌സിനുകള്‍ കുട്ടികള്‍ക്കുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളിലെ ചാലക ശക്തിയാകും. ഇത് മൂക്കിലൂടെ ഇറ്റിച്ച് നല്‍കാന്‍ എളുപ്പമാണ്. ഇവ രോഗപ്രതിരോധശേഷി കൂട്ടും, ശിശുരോഗ വിദഗ്ദ കൂടിയായ ഡോ. സൗമ്യ സി.എന്‍.എന്‍ ന്യൂസ് 18നോട് പറഞ്ഞു.

കൂടുതല്‍ മുതിര്‍ന്നവര്‍ക്ക്, പ്രത്യേകിച്ച് അധ്യാപകര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതുണ്ടെന്നും സമൂഹ വ്യാപന സാധ്യത കുറയുമ്പോള്‍ മാത്രമേ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ പാടുള്ളൂ എന്നും അവര്‍ വ്യക്തമാക്കി. 

ആത്യന്തികമായി തങ്ങള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഈ വര്‍ഷം അത് നടക്കില്ല. സമൂഹ വ്യാപനം കുറയുമ്പോള്‍ സ്‌കൂളുകള്‍ തുറക്കണം. മറ്റ് മുന്‍കരുതലുകള്‍ക്കൊപ്പം ബാക്കി രാജ്യങ്ങളും അതാണ് ചെയ്തത്. അധ്യാപകര്‍ക്ക് വാക്‌സിനേഷന്‍ ചെയ്താല്‍ അത് ഒരു വലിയ ചുവടുവെപ്പായിരിക്കും' -ഡോ. സൗമ്യ കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ രോഗബാധയില്‍ നിന്ന് മുക്തരല്ലെന്നും എന്നാല്‍ ആഘാതം വളരെ കുറവാണെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുട്ടികള്‍ക്ക് കൊവിഡ് ബാധിച്ചാല്‍, ഒന്നുകില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല അല്ലെങ്കില്‍ കുറഞ്ഞ ലക്ഷണങ്ങളുണ്ടാകും. അവരെ പൊതുവെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ല, നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു.

ഉപയോഗിക്കാന്‍ എളുപ്പമെന്ന നിലയില്‍ ജനപ്രിയമാണ് മൂക്കിലൂടെ നല്‍കുന്ന വാക്‌സിനുകള്‍. ഒരു നേസല്‍ വാക്‌സിന്‍ (ഓരോ മൂക്കിലും ഒരു തുള്ളി ആവശ്യമാണ്) സിറിഞ്ചുകള്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ലാഭിക്കാനും ഓരോ വാക്‌സിനേഷനും എടുക്കുന്ന സമയം കുറയ്ക്കാനും സഹായിക്കും. 

സിംഗിള്‍-ഡോസ് മരുന്നാണെന്നതും പുതിയ വേരിയന്റിന് അനുകൂല ഘടകമാണ്. മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്റെ പരീക്ഷണങ്ങള്‍ക്ക് അനുമതിതേടി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കാണ് (ഡിസിജിഐ) അപേക്ഷ നല്‍കിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top