ന്യൂഡല്‍ഹി: ഒരു കൂട്ടം ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ കൂടി നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒറ്റയടിക്ക് നിരോധിക്കാനുള്ള ആപ്പുകളുടെ സമഗ്രമായ പട്ടികയില്ലാത്തതിനാല്‍ ആപ്പ് സ്റ്റോറുകളില്‍ ആളുകളുടെ ശ്രദ്ധ നേടുകയും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും ചെയ്യുന്ന ആപ്പുകളെ തിരഞ്ഞെടുത്ത് നിരീക്ഷിച്ചുവരികയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കര്‍ശനമായ നിരീക്ഷണം പൂര്‍ത്തായായാല്‍ ഉടനടി നടപടി ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, നിരോധിച്ച പല ആപ്പുകളും വി.പി.എന്‍ വഴി വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം ആപ്പുകള്‍ക്കെതിരെ നിരന്തര പരിശോധനയും നടത്തിവരികയാണ്. കൃത്യമായ ഇടവേളകളില്‍ ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിച്ച് ഇന്റര്‍-മിനിസ്റ്റീരിയില്‍ പാനലുകള്‍ക്ക് മുമ്പില്‍ അവര്‍ക്ക് കേസ് നടത്താന്‍ അവസരം ഒരുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തുവരുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം ഉടലെടുത്തതിന് ശേഷം ഇത് നാലാം തവണയാണ് ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം പ്രഖ്യാപിക്കുന്നത്. ഇതുവരെ 267 ആപ്പുകളാണ് മൊത്തത്തില്‍ നിരോധിക്കപ്പെട്ടത്. ഏറ്റവുമൊടുവില്‍ ഈ മാസം 24-നാണ് 43 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരെന്ന് ചൂണ്ടിക്കാട്ടിയാണ് ഐ.ടി. നിയമത്തിന്റെ 69-എ പ്രകാരം നിരോധനമേര്‍പ്പെടുത്തുന്നത്. ആദ്യഘട്ടത്തില്‍ ജൂണില്‍ 59 ആപ്പുകളും ജൂലായില്‍ 47 എണ്ണവും സെപ്റ്റംബറില്‍ 118 എണ്ണവും നിരോധിച്ചിരുന്നു. ആപ്പുകള്‍ നിരോധിക്കുന്നതിനു മുന്‍പ് കമ്പനികള്‍ക്ക് നോട്ടീസയച്ച് മറുപടിക്കായി കാത്തിരിക്കേണ്ട സാഹചര്യം ഇന്ത്യന്‍ നിയമത്തിലില്ല. ഇടക്കാല ആശ്വാസത്തിനായി കമ്പനികള്‍ക്ക് കോടതികളെ സമീപിക്കാനുമാവില്ല.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ