2020-02-23 07:53:38 am IST
ദോഹ: ഖത്തറിൽ കൊറോണ വൈറസ് (COVID-19)  ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ഇന്നലെ വ്യക്തമാക്കി.രോഗവുമായി ബന്ധപ്പെട്ട ആഗോള സംഭവവികാസങ്ങൾ നിരീക്ഷിക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

മേഖലയിൽ സ്ഥിരീകരിച്ച കേസുകൾക്ക് പുറമെ നിരവധി രാജ്യങ്ങളിൽ സ്ഥിരീകരിച്ച കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് ഖത്തർ മുൻകരുതലുകൾ ശക്തമാക്കിയെന്നും ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ലോകാരോഗ്യ സംഘടനയിൽ നിന്ന് ലഭിച്ച പ്രസക്തമായ മാറ്റങ്ങളും വിവരങ്ങളും അനുസരിച്ച് സ്ക്രീനിംഗ് നടപടിക്രമങ്ങൾ വികസിപ്പിക്കുന്നത് തുടരുകയാണെന്നും മന്ത്രലായം അറിയിച്ചു.

ചൈനയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും ശ്വാസകോശ സംബന്ധമായ അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്ന ആരുമായും സമ്പർക്കം ഒഴിവാക്കണമെന്നും അവർക്ക് ചികിത്സാ ലഭിക്കാൻ അവസരമൊരുക്കണമെന്നും  മന്ത്രാലയം ഉപദേശിച്ചു.

അതിർത്തിസ്ഥലങ്ങളിലെല്ലാം നടപടിക്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആരോഗ്യ നിരീക്ഷണം നടത്തുന്നതിനും  മന്ത്രാലയം നടപടികൾ ശക്തമാക്കി. രോഗത്തെക്കുറിച്ച് ശരിയായതും കൃത്യവുമായ വിവരങ്ങൾ പൊതുജനങ്ങളിൽ ഉണ്ടെന്നും അവ തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്നും ഉറപ്പുവരുത്തുന്നതിനായി  ബോധവത്കരണ ക്ലാസുകൾ അധികൃതർ നടത്തുന്നുണ്ട്. 

ഫെബ്രുവരി 22 വരെയുള്ള കണക്കനുസരിച്ച് 76,769 കൊറോണ രോഗബാധകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 75,569ഉം ചൈനയിലാണ്. 2,247 പേർ മരണപ്പെടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.


Top