Breaking News
“ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി | ഇറാനുവേണ്ടി ചാര പ്രവൃത്തി നടത്തിയ സൗദി പൗരന് വധശിക്ഷ, ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് | കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ |

News Desk

2020-02-11 05:15:00 pm IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നാം തവണയും ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുകയാണ്. 2015 നെ അപേക്ഷിച്ച് സീറ്റുകളും വോട്ടുകളും കുറവാണ് ആം ആദ്മി പാര്‍ട്ടിക്ക്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ മല്‍സരം കടുത്തതായിരുന്നു. നിലവില്‍ 63 സീറ്റില്‍ ആം ആദ്മിയും ഏഴു സീറ്റില്‍ ബി.ജെ.പിയുമാണ് മുന്നിട്ടു നില്‍ക്കുന്നത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി വരുന്നതിനു മുമ്പ് തുടര്‍ച്ചയായി 15 കൊല്ലം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് എങ്ങുമെത്താതെ വട്ടപൂജ്യത്തില്‍ ഒതുങ്ങി. 

ബി.ജെ.പിയുടെ വിദ്വേഷ പ്രസംഗങ്ങളും വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമവും ജനാധിപത്യ ബോധ്യമുള്ള വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ആം ആദ്മിയുടെ വിജയക്കുതിപ്പ്. 

ബി.ജെ.പി വര്‍ഗ്ഗീയ ദ്രുവീകരണത്തിന് ഇറങ്ങിത്തിരിഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് താക്കീതുമായി രംഗത്തെത്തേണ്ട അവസ്ഥ പോലും ഉണ്ടായി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കപില്‍ മിശ്ര തുടങ്ങിയ പ്രമുഖരെ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. കെജരിവാളിനെ ബി.ജെ.പി തീവ്രവാദി വരെയാക്കി.

അടിസ്ഥാന സൗകര്യ വികസനത്തില്‍ തന്റെ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കെജരിവാളും ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പിനെ നേരിട്ടത്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതും, പൊതു വിദ്യാഭ്യാസ രംഗം, സൗജന്യ വൈഫൈ, സ്ത്രീകള്‍ക്ക് സൗജന്യയാത്ര, സൗജന്യ വൈദ്യുതി പ്രഖ്യാപനവും ഭരണനേട്ടങ്ങളാക്കി ജനങ്ങളിലേക്കെത്തിച്ചായിരുന്നു കെജിവാള്‍ കളം നിറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ 70 വാഗ്ദാനങ്ങളില്‍ 90% തുടങ്ങാനോ പൂര്‍ത്തീകരിക്കാനോ കെജരിവാള്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നതും അനുകൂല ഘടകമായി.

ഡല്‍ഹി നിവാസികള്‍ക്ക് 24 മണിക്കൂര്‍ വൈദ്യുതി, ഡല്‍ഹി ജന്‍ ലോക്പാല്‍ ബില്‍, ഭരണഘടനാ സംരക്ഷണത്തിനായി സ്‌കൂളുകളിലും ദേശഭക്തി ക്ലാസുകള്‍, സ്ത്രീസുരക്ഷക്ക് വര്‍മ്മ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കും, 3,000 'മൊഹല്ല സഭകള്‍', അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടുന്ന ശുചീകരണ തൊഴിലാളികളുടെ കുടുംബത്തിന് ഒരുകോടി ധനസഹായം എന്നിവയായിരുന്നു എ.എ.പി പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍.

ജമ്മു കാശ്മീരിനെ വിഭജിച്ചത് കൊണ്ടോ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതു കൊണ്ടോ എന്‍.ആര്‍.സിയും പൗരത്വ ബില്ലും നടപ്പാക്കിയത് കൊണ്ടോ ഒരു സംസ്ഥാനം പിടിക്കാന്‍ പറ്റില്ലെന്നാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഈ പറഞ്ഞ പ്രശ്‌നങ്ങളൊന്നും ഉയര്‍ത്തിപ്പിടിച്ചല്ല ആം ആദ്മി വിജയത്തിലെത്തിയത്. ഷഹീന്‍ ബാഗിലെ പ്രതിഷേധത്തില്‍ നിന്നുവരെ ആം ആദ്മി അകലം പാലിച്ചിരുന്നു. 

കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുന്നത് ഇത് തുടര്‍ച്ചയായ മൂന്നാംതവണയാണ്. തെരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യത്തില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ദയനീയമായി പരാജയപ്പെട്ടു.

ബി.ജെ.പിയുടെയും ആം ആദ്മി പാര്‍ട്ടിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ എങ്ങനെ നേരിടണം എന്നകാര്യത്തില്‍ വ്യക്തമായ ഒരു ദിശാബോധം കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പിനെ സമീപിച്ച വേളയില്‍ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. 

ഒരിടത്ത് പോലും കാര്യമായ മത്സരം നടത്താന്‍ പോലും കോണ്‍ഗ്രസിനായില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വികാസ്പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുകേഷ് ശര്‍മ്മ, പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ തന്നെ തന്റെ പരാജയം സമ്മതിച്ചു കൊണ്ട് നടത്തിയ ട്വീറ്റ്.

കേവലം 2011 ഒക്ടോബര്‍ മാസത്തില്‍ രൂപീകരിച്ച പുതിയൊരു പാര്‍ട്ടിക്ക് ഇന്ത്യയില്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് രാജ്യത്തിനു കാണിച്ചുകൊടുത്തത് ആം ആദ്മിയാണ്. അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ജനനം. 

ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2011ല്‍ അരവിന്ദ് കെജ്രിവാള്‍ അണ്ണാ ഹസാരെയ്ക്കും കിരണ്‍ ബേദിക്കുമൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അതിനിടെ അരവിന്ദ് കെജരിവാളും അണ്ണാ ഹസാരെയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ജന്‍ ലോക്പാല്‍ മൂവ്‌മെന്റ് നിക്ഷ്പക്ഷരായി നില്‍ക്കണമെന്ന് ഹസാരെ വാദിച്ചപ്പോള്‍ രാഷ്ട്രീയ നിലപാടുകള്‍ അനിവാര്യമാണെന്നായിരുന്നു കെജരിവാളിന്റെ പക്ഷം. കെജരിവാളിനെ ശാന്തി ഭൂഷണും പ്രശാന്ത് ഭൂഷണും പിന്തുണച്ചപ്പോള്‍ കിരണ്‍ ബേദി, സന്തോഷ് ഹെഗ്‌ഡെ എന്നിവര്‍ എതിര്‍ത്തു.

തുടര്‍ന്നാണ് കെജരിവാള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. സാധാരണക്കാരന്റെ പാര്‍ട്ടിയെന്നായിരുന്നു നേതാക്കള്‍ എ.എ.പിയെ വിളിച്ചത്. 2013 ഡിസംബര്‍ നാലിനാണ് പാര്‍ട്ടി ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍. 

കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതിനെ പരാജയപ്പെടുത്തി കെജരിവാള്‍ വിജയം കുറിച്ചു. തുടര്‍ന്ന് ഡിസംബര്‍ 28ന് കോണ്‍ഗ്രസ് പിന്തുണയോടെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലേറി. കെജരിവാള്‍ മുഖ്യമന്ത്രിയായി. 49 ദിവസം മാത്രമായിരുന്നു ഈ സര്‍ക്കാരിന്റെ കാലാവധി. 

തുടര്‍ന്ന് 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചു തോറ്റു. ഒമ്പതു മാസത്തെ ഗവര്‍ണര്‍ ഭരണത്തിനു ശേഷം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. തുടര്‍ന്ന് ആം ആദ്മി 67 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി. ബി.ജെ.പി ശേഷിക്കുന്ന മൂന്ന് സീറ്റുകളിലൊതുങ്ങി. കോണ്‍ഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചില്ല. 

അതേസമയം, കെജരിവാളിന് മൂന്നാം തവണയും അധികാരം പിടിക്കാന്‍ അവകാശവാദങ്ങള്‍ക്ക് ഏറെ കഷ്ടപ്പെടേണ്ടിവന്നില്ല. എതിരാളികള്‍ രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ വികസനം എന്ന ഒറ്റ അജന്‍ഡയായിരുന്നു ആം ആദ്മിയുടെ ആയുധം. പറയുന്നതു നടപ്പാക്കാന്‍ സാധിക്കുമെന്നു തെളിയിച്ചുകഴിഞ്ഞ കെജരിവാളിന്റെ പ്രകടന പത്രികയില്‍ ഡല്‍ഹിയിലെ ജനം വിശ്വാസം അര്‍പ്പിച്ചതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല.


Top