തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വിമര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് രംഗത്ത്. എടപ്പാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ഭരണ പരാജയം മറച്ച് വെക്കാനാണ് പിണറായി യു.പി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതെന്ന് കെ. സുരേന്ദ്രന് ആരോപിച്ചു. യോഗിയുടെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്ക് ഉള്ളൂ. മുഖ്യമന്ത്രി പി.ആര് പ്രചാരണം നടത്തിയാല്‍ പോരെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.
യോഗി ആദിത്യനാഥിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോഴും സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുകയാണ്. ജയിലില്‍ കിടക്കുകയല്ല. യോഗിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണവും ഡോളറും കടത്തിയിട്ടില്ല. യോഗി ആദിത്യനാഥ് ഇതുവരെ ഒരു അഴിമതി ആരോപണത്തിനും വിധേയനായിട്ടില്ലെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
യു.പിയില്‍ ടെസ്റ്റ് നടക്കുന്നില്ല എന്നാണ് പിണറായി വിജയന് പറയുന്നത്. എല്ലാ സംസ്ഥാനങ്ങളുടെയും കൊവിഡ് ടെസ്റ്റ് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ വെബ്സൈറ്റില്‍ പരിശോധിച്ചാല്‍ പിണറായിക്ക് മനസ്സിലാകും.
കേരളത്തില്‍ എല്ലാം ശരിയാക്കി എന്നു പറഞ്ഞിട്ട് ആര്.ടി.പി.സി.ആര് ടെസ്റ്റ് ചെയ്യാതെ, ആന്റിജന്‍ പരിശോധന നടത്തി ആളുകളെ കബളിപ്പിച്ച് ഇവിടെ എല്ലാം ഭദ്രമാണെന്നും, ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആണെന്നും പ്രചാരണം നടത്തി. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകളുള്ളത് കേരളത്തിലാണ്.
കേരളത്തില്‍ ഈ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? 250 രൂപയുടെ കിറ്റ് കൊടുക്കുന്നതോ? കൊവിഡിന്റെ കാര്യത്തില്‍ പരാജയമാണ് ഈ സര്‍ക്കാര്‍. യോഗിയെ പള്ള് പറയുന്നതിന് മുന്‍പ് പിണറായി വിജയന് സ്വന്തം തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നും കെ.സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനുള്ള എന്ത് യോഗ്യതയാണ് പിണറായിക്കുള്ളതെന്നും സുരേന്ദ്രന് ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ ഔദാര്യത്തിലല്ലേ സി.പി.എം പാര്‍ട്ടിയുടെ ചെലവ് നടക്കുന്നത് പോലും. ഇന്ത്യയിലെല്ലാ സംസ്ഥാനങ്ങളിലും നിങ്ങള്‍ കോണ്‍ഗ്രസിന് കൂടെയല്ലേ എന്നും സുരേന്ദ്രന് പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക