News Desk

2021-06-08 09:33:13 pm IST
ദോഹ: ഖത്തറില്‍ നിര്‍മാണ സാമഗ്രികള്‍ക്ക് വില വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് ആവശ്യം. പ്രാദേശിക പത്രമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ രാജ്യത്തെ നിര്‍മാണ സാമഗ്രികളുടെ വില നിയന്ത്രിച്ചു കൊണ്ട് പ്രതിമാസ പട്ടിക പുറത്തിറക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. കെട്ടിട ഉടമകളും കരാറുകാരുമാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്.

കഴിഞ്ഞ അഞ്ചു മാസങ്ങള്‍ക്കുള്ളില്‍ അഞ്ഞൂറ് റിയാലാണ് സ്റ്റീലിന്റെ മാത്രം  വില വര്‍ധിച്ചിരിക്കുന്നത്. ഒരു ചാക്ക് സിമന്റ് കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ പന്ത്രണ്ട് റിയാലില്‍ നിന്നും പതിനാറു റിയാലിലേക്ക് എത്തിച്ചേര്‍ന്നു. മണലിന്റെ വില നാനൂറ് റിയാലില്‍ നിന്നും ആയിരത്തിലേക്ക് കുതിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ രാജ്യത്തെ നിര്‍മാണ മേഖല സ്തംഭിച്ചു പോകുന്ന അവസ്ഥയാണ്. 

കൊവിഡുമായി ബന്ധപ്പെട്ട തകര്‍ച്ച  നേരിടുന്ന രാജ്യത്തെ നിര്‍മാണ മേഖല സാധന സാമഗ്രികളുടെ വില കുതിച്ചു കയറ്റത്തില്‍ പകച്ചു നില്‍ക്കുകയാണ്. രാജ്യത്തെ എണ്ണ, പച്ചക്കറി, പഴം തുടങ്ങിയ അവശ്യ സാധനങ്ങളുടെ പ്രതിമാസ വില നിര്‍ണയ ബുള്ളറ്റിന് സമാനമായി നിര്‍മാണ സാമഗ്രികളുടെ വില നിര്‍ണയിച്ചു കൊണ്ടുള്ള ബുള്ളറ്റിന്‍ ഇറക്കാന്‍ ബലദിയ  മന്ത്രാലയം തയ്യാറാവണമെന്നാണ് ഈ മേഖലയിലെ അനുഭവസ്ഥര്‍ ആവശ്യപ്പെടുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top