News Desk

2021-07-01 04:28:22 pm IST
ദോഹ: ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ 4562 റോഹിങ്ക്യന്‍ കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട്. ഇതോടൊപ്പം 2500 കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ (അരി, പയറുവര്‍ഗ്ഗങ്ങള്‍, എണ്ണ, ഉപ്പ്, പഞ്ചസാര, ഉണങ്ങിയ മത്സ്യം) എന്നിവയും കഴിഞ്ഞ ആഴ്ച വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. 

ബംഗ്ലാദേശിലെ ഭാസന്‍ ചാര്‍ ദ്വീപിലെ (ബംഗാള്‍ ഉള്‍ക്കടലിലെ വിദൂര ദ്വീപ്) ആയിരക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ഥി കുടുംബങ്ങള്‍ക്കാണ് ഖത്തര്‍ ചാരിറ്റി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി സഹായ വിതരണം നല്‍കി കൊണ്ടിരിക്കുന്നത്.

ധാക്കയിലെ ഖത്തര്‍ ചാരിറ്റി ഓഫീസിലെ ദുരിതാശ്വാസ സംഘം നേതൃത്വത്തില്‍  പ്രാദേശിക ബംഗ്ലാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ദുരിതങ്ങള്‍ ലഘൂകരിക്കുക, അവരുടെ കഷ്ടപ്പാടുകള്‍ കുറയ്ക്കുന്നതിന് അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുക എന്നിവ ലക്ഷ്യമിട്ടാണ്  ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്.

പ്രായമായവര്‍, വിധവകള്‍, മറ്റ്  ദരിദ്രരായ ആളുകള്‍ എന്നിവരെ പരിപാലിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടൊപ്പം കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന നിരവധി പേര്‍ക്കാണ് ഖത്തര്‍ ചാരിറ്റി റോഹിങ്ക്യകള്‍ക്കിടയില്‍ വിവിധ സഹായ പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്. 

ബംഗ്ലാദേശിലെ  വിദൂര ദ്വീപില്‍ താമസിക്കുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും ഗ്യാസ് സിലിണ്ടറുകളും വിതരണം ചെയ്യുന്നതില്‍ ഖത്തര്‍ ചാരിറ്റിയുടെ ശ്രമങ്ങളെ പ്രാദേശിക ഉദ്യോഗസ്ഥര്‍ പ്രശംസിച്ചു. ഖത്തര്‍ ആഗോള തലത്തില്‍ നടപ്പിലാക്കി വരുന്ന നിരവധി സഹായ പദ്ധതികള്‍ ലോകം കൃതജ്ഞതയോടെ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top