News Desk

2021-03-08 04:37:26 pm IST
ലണ്ടന്‍: ബ്രിട്ടിഷ് രാജകുടുംബത്തില്‍നിന്നു നേരിട്ട കടുത്ത അവഗണനയും വിവേചനവും വെളിപ്പെടുത്തി രാജകുമാരന്‍ ഹാരിയുടെ ഭാര്യ മേഗന്‍ മാര്‍ക്കിള്‍ രംഗത്ത്. കടുത്ത അവഗണനയില്‍ ഒരു ഘട്ടത്തില്‍ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചെന്നും മേഗന്‍ പറഞ്ഞു. 

യു.എസ് മാധ്യമമായ സി.ബി.എസില്‍ ഓപ്ര വിന്‍ഫ്രയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മേഗന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ മകന്‍ ആര്‍ച്ചിക്ക് രാജകുടുംബത്തില്‍ യാതൊരു അവകാശങ്ങളും ഉണ്ടാകാന്‍ പോകുന്നില്ല. അവന്‍ ജനിക്കുന്നതിന് മുന്‍പുതന്നെ വര്‍ണവെറി നേരിടേണ്ടി വന്നിരുന്നെന്നും അവര്‍ വെളിപ്പെടുത്തി.

'അവനെ രാജകുമാരനായൊന്നും അവര്‍ കാണില്ലെന്നു ഹാരി നേരത്തെ പറഞ്ഞിരുന്നു. കുഞ്ഞ് ആണോ പെണ്ണോ എന്ന് അറിയാന്‍ പോലും അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അവന്‍ ജനിക്കുന്നതിന് മുന്‍പു നടത്തിയ സംഭാഷണങ്ങളില്‍നിന്നുതന്നെ ഒരു പദവിയോ സുരക്ഷയോ അവനു നല്‍കാന്‍ പോകുന്നില്ലെന്നു വ്യക്തമായിരുന്നു. അവന്റെ നിറം എന്തായിരിക്കുമെന്നു വരെ ചര്‍ച്ചകള്‍ നടന്നു.' മേഗന്‍, ഓപ്ര വിന്‍ഫ്രയോടു പറഞ്ഞു. 

വിവാഹത്തിനു മുന്‍പുതന്നെ കാര്യങ്ങള്‍ ശരിയായ രീതിയില്‍ പോകില്ലെന്നുള്ളതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു. മകനു യാതൊരു പദവിയും ലഭിക്കില്ലെന്ന് ഹാരി തന്നെ അറിയിച്ചു. എന്നാല്‍ വിചാരിച്ചതിലും ഭീകരമായിരുന്നു അവസ്ഥ. ഇനി ജീവിക്കേണ്ട എന്ന ചിന്ത പോലും പലപ്പോഴായി മനസ്സില്‍ കടന്നു വന്നു. മാനസിക സംഘര്‍ഷങ്ങള്‍ മറികടക്കാന്‍ കൊട്ടാരത്തില്‍നിന്ന് വൈദ്യസഹായം ആവശ്യപ്പെട്ടപ്പോള്‍ അത് നിഷേധിക്കപ്പെട്ടെന്നും ഇക്കാര്യം വളരെയധികം വേദനിപ്പിച്ചെന്നും മേഗന്‍ പറഞ്ഞു. 

മേഗന് ആത്മഹത്യാചിന്ത വന്ന കാലത്ത് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയതായി ഹാരി രാജകുമാരനും വെളിപ്പെടുത്തി. ഒരു സഹായത്തിനു പോലും ആരുമില്ലായിരുന്നു. ആരുമായും തുറന്നു സംസാരിക്കാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ പെരുമാറ്റത്തിലും വളരെയധികം ആശങ്കയുണ്ടായിരുന്നെന്നും ഹാരി തുറന്നു പറഞ്ഞു.

ബ്രിട്ടിഷ് കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്റെയും പരേതയായ ഡയാനയുടെയും രണ്ടാമത്തെ പുത്രനാണ് ഹാരി. അദ്ദേഹം പ്രണയിച്ചു വിവാഹം ചെയ്ത ഹോളിവുഡ് നടി മേഗന്‍ അമേരിക്കക്കാരിയും വിവാഹമോചിതയും ഭാഗികമായി കറുത്ത വര്‍ഗക്കാരിയുമാണ്. അതാണ് മേഗനെ അകറ്റി നിര്‍ത്താന്‍ രാജകുടുംബത്തെ പ്രേരിപ്പിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മേഗനും ഹാരിയും 2018 മേയ് 19നാണ് വിവാഹിതരായത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top