News Desk

2021-11-22 06:42:32 pm IST
ദോഹ: ഖത്തറിലെ  റോഡപകട മരണങ്ങളുടെ എണ്ണം കുറക്കാന്‍ രാജ്യത്തെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന് കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ദോഹ ന്യൂസാണ് ഇത് സംബന്ധിച്ച് വാര്‍ത്ത് പുറത്തുവിട്ടത്. 

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗതാഗത സംബന്ധമായ മരണങ്ങളില്‍ 64 ശതമാനം കുറവുണ്ടായതായും വാര്‍ത്ത വ്യക്തമാക്കുന്നു. 

കഴിഞ്ഞ വര്‍ഷം 100,000 ജനസംഖ്യയില്‍ 4 മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതേസമയം, 2010-ല്‍ ഇത് 11.3 ആയിരുന്നു. അതായത് 64.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 

റോഡിലെ സുരക്ഷ ഉറപ്പാക്കാനായിട്ട് പുതിയ ട്രാഫിക് സിഗ്‌നലുകള്‍ നടപ്പിലാക്കുക റോഡുകള്‍ വികസിപ്പിക്കുക, ഡ്രൈവിംഗ് ലൈസന്‍സ് ഉറപ്പാക്കുക, ഹൈടെക് സ്പീഡ് ട്രാപ്പുകള്‍ സ്ഥാപിക്കുക തുടങ്ങിയ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചതാണ് മരണനിരക്ക് കുറയ്ക്കാന്‍ സഹായകരമായത്.

2020ലും 2021-ലും രാജ്യത്ത് ഭാഗികമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ജനങ്ങളില്‍ ഭൂരിഭാഗവും നിര്‍ബന്ധിതമായി വീട്ടില്‍ ഇരുന്ന് ജോലി ചെയ്യേണ്ടി വന്നു. ഇതും അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായമായി. 

അതേസമയം, വരും വര്‍ഷത്തില്‍ റോഡുകളില്‍ ഉണ്ടാകുന്ന മരണങ്ങളുടെ എണ്ണം 25% കുറയ്ക്കാനുള്ള തീരുമാനത്തിലാണ് അധികാരികള്‍. 

അടുത്ത വര്‍ഷത്തോടെ മരണനിരക്ക് 25% കൂടി കുറയ്ക്കുക എന്ന ഖത്തര്‍ സര്‍ക്കാരിന്റെ ലക്ഷ്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു. 2022 ലോകകപ്പ്, സുരക്ഷിത്വം, വൃത്തി, സുസ്ഥിരവുമായ ചലനശേഷി എന്നിവയിലെ രാജ്യത്തിന്റെ പ്രതിബദ്ധത കാണിക്കാനുള്ള വേദിയാണെന്നും യു.എന്‍ സെക്രട്ടറി ജനറലിന്റെ റോഡ് സുരക്ഷയുടെ പ്രത്യേക പ്രതിനിധി ജീന്‍ ടോഡ് പറഞ്ഞു.

'ഓര്‍ക്കുക - പിന്തുണ - നിയമം' (‘Remember – Support – Act’) എന്ന പ്രമേയത്തിന് കീഴില്‍ ലോകമെമ്പാടും റോഡില്‍ ജീവന്‍ നഷ്ടപ്പെട്ട ഇരകള്‍ക്കായി ലോക ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് ഞായറാഴ്ചയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

സുരക്ഷിതമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും റോഡ് മരണങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top