News Desk

2021-06-09 10:49:11 am IST
കൊച്ചി: വ്യവസായി എം.എ യൂസഫലിയുടെ നിര്‍ണ്ണായക ഇടപെടലില്‍ അബുദാബിയിലെ വധശിക്ഷയില്‍ നിന്നും രക്ഷപ്പെട്ട ബെക്‌സ് കൃഷ്ണന്‍ നാട്ടിലെത്തി. കുടുംബത്തെ കാണാന്‍ പറ്റുമെന്ന് കരുതിയില്ല, യൂസഫലി സാറിന്റെ കരുണയാണെന്ന് കുടുംബത്തെ കണ്ടശേഷം ബെക്‌സ് കൃഷ്ണന്‍ പറഞ്ഞു. ജീവന്‍ രക്ഷിച്ച് ഒപ്പം നിന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലിയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയുമായി ബുധനാഴ്ച പുലര്‍ച്ചെ ഇത്തിഹാദ് വിമാനത്തിലാണ് തൃശ്ശൂര്‍ നടവരമ്പ് സ്വദേശി ബെക്‌സ് കൃഷ്ണന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. കുടുംബാംഗങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണു ഇതോടെ വിരാമമായത്.

ജയില്‍ മുതല്‍ വിമാനത്താവളം വരെ എല്ലാ കാര്യത്തിനും മൂത്താപ്പയുണ്ടായിരുന്നു. 2012 ലാണ് അപകടം നടന്നത്. ആദ്യം 15 വര്‍ഷം തടവായിരുന്നു. അപ്പീല്‍ കോടതിയിലും ഇതേ തടവായിരുന്നു. സുപ്രീം  കോടതിയിലെത്തിയപ്പോഴാണ് ഇത് വധശിക്ഷയായത്. അന്ന് മുതല്‍ യൂസഫലി സാര്‍ പുറകിലുണ്ട്. അദ്ദേഹം ഏറ്റെടുത്ത നാള്‍ മുതല്‍ പ്രതീക്ഷയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ വിശ്വാസമുണ്ടായിരുന്നു. ടെന്‍ഷനില്ലായിരുന്നു, ബെക്‌സ് പറഞ്ഞു. 

തന്റെ ഒപ്പമുണ്ടായിരുന്ന ബംഗ്ലാദേശി, പാക്കിസ്ഥാന്‍ പൗരന്മാരുടെ വധശിക്ഷ ഫെബ്രുവരിയിലാണ് നടപ്പിലാക്കിയത്. ജോലി നല്‍കുകയാണെങ്കില്‍, യൂസഫലി സാറിനെ സേവിക്കാന്‍ കിട്ടുന്ന ഒരു അവസരമായി അതിനെ കാണും. ജോലി ഏറ്റെടുക്കും. തടവിലായിരുന്നപ്പോള്‍ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നാല് തവണ അന്താരാഷ്ട്ര ഫോണ്‍ വിളിക്കാം. യു.എ.ഇയിലെ ബന്ധുവിനെയും വിളിക്കാറുണ്ട്, ബെക്‌സ് പറഞ്ഞു. 

വധശിക്ഷയില്‍ നിന്ന് മോചിതനായ ബെക്‌സ് കൃഷ്ണന്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ ഭാര്യ വീണയും മകന്‍ അദ്വൈതും എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ബെക്സ് കൃഷ്ണന് വധശിക്ഷ വിധിച്ചത്. 

അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി (ബ്ലഡ് മണി) 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യമായത്. 2012 സെപ്തംബര്‍ ഏഴിനായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. 

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു. സി.സി.ടി.വി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യു.എ.ഇ സുപ്രീം കോടതി 2013ല്‍ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്. 

അബുദാബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലവത്താകാതെ സര്‍വ്വപ്രതീക്ഷകളും തകര്‍ന്ന സമയത്താണ് ഒരു ബന്ധു വഴി എം.എ യൂസഫലിയോട്  മോചനത്തിനായി ഇടപെടാന്‍ കുടുംബം അഭ്യര്‍ത്ഥിച്ചത്. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയതും കാര്യങ്ങള്‍ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കെത്തിച്ചത്. ഒരവസരത്തില്‍ ഇതിനായി സുഡാനില്‍ നിന്ന് കുടുംബാംഗങ്ങളെ അബുദാബിയില്‍ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top