News Desk

2021-02-16 10:28:31 am IST
ദോഹ: തന്നെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമെന്ന് പ്രവാസി വ്യവസായി എം.ടി.കെ. അഹമ്മദ്. സംഭവത്തിനു പിന്നില്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളികളായ മൂന്നു പേരെ സംശയമുണ്ടെന്നും അഹമ്മദ്് പറഞ്ഞു.

ഖത്തറിലെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്നും മോചനത്തിനായി താനോ ബന്ധുക്കളോ പണം നല്‍കിയിട്ടില്ലെന്നും അഹമ്മദ് പറഞ്ഞു. തന്നെ എങ്ങനെയാണ് മോചിപ്പിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണും കൈയ്യും കെട്ടി വാഹനത്തില്‍ കടത്തിക്കൊണ്ടു പോയി. ഇന്നോവയില്‍ മുഖം മറച്ച അഞ്ചംഗ സംഘമാണ് തന്നെ കൊണ്ടുപോയത്. കണ്ണും വായയും കൈയും കാലും കെട്ടി ഡിക്കിയില്‍ ഇട്ടു. രണ്ടരമണിക്കൂറോളം യാത്ര ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ഒരു ചെറിയ വീട്ടിലെ മുറിയിലാണ് ചോദ്യം ചെയ്തത്. 2016 ല്‍ നടന്ന സംഭവമാണെന്ന് പറഞ്ഞു. സത്യം പറയണമെന്ന് പറഞ്ഞു. സത്യമല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ബോസ് വിടാന്‍ പറഞ്ഞു എന്ന് പറഞ്ഞാണ് വിട്ടത്. രാമനാട്ടുകരയ്ക്കടുത്ത് വെച്ച് 500 രൂപ തന്ന് കെട്ടഴിച്ച് വിടുകയായിരുന്നുവെന്ന് അഹമ്മദ് പറഞ്ഞു.

പയ്യോളി സ്വദേശി നിസാര്‍, കണ്ണൂര്‍ സ്വദേശികളായി അലി, റഹിസ് എന്നിവരെ സംശയിക്കുന്നതായി അഹമ്മദ് പറഞ്ഞു. തട്ടിക്കൊണ്ടുപോയവരുടെ ഭാഷ തൃശൂര്‍, കാസര്‍കോഡ് ഭാഷയാണ്. ക്വട്ടേഷന്‍ സംഘം ഒരു കണക്ക് കാണിച്ചു. ജോലിക്ക് നിര്‍ത്തിച്ച മാനേജറാണ് പയ്യോളി സ്വദേശി നിസാര്‍. റഹീസ്, അലി എന്നിവര്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളാണ്. 

കുറേ നാളുകളായി ഈ സംഘം തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. തന്റെ എല്ലാ വിവരങ്ങളും അവര്‍ക്ക് അറിയാമായിരുന്നു. ഇച്ചാ ഇച്ചാ എന്നാണ് തട്ടിക്കൊണ്ടുപോയവര്‍ വിളിച്ചത്.

പിടിച്ച് കൊണ്ടുപോകുമ്പോ ഒരു തവണ മര്‍ദ്ദിച്ചതൊഴിച്ചാല്‍ പിന്നീട് മര്യാദയോടെ പെരുമാറി. ഭക്ഷണം തന്നിരുന്നുവെന്നും അഹമ്മദ് വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിനായി പോകുന്നതിനിടെ മുടവന്തേരിയില്‍ വെച്ച് സ്‌കൂട്ടറില്‍ നിന്ന് ബലമായി പിടിച്ചിറക്കി ഒരു സംഘം അഹമ്മദിനെ കാറില്‍ കയറ്റി പിടിച്ചു കൊണ്ടുപോവുകയായിരുന്നു.

ഏതാണ്ട് അറുപത് ലക്ഷം രൂപയാണ് സംഘം മോചനത്തിനായി ആവശ്യപ്പെട്ടത്. ഖത്തറിലെ സള്‍ഫര്‍ കെമിക്കല്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയായ അഹമ്മദിനെ ബിസിനസ് സംബന്ധമായ ചില തര്‍ക്കങ്ങള്‍ തുടര്‍ന്നാണ് സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏതാനും  പേരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top