News Desk

2021-03-07 06:12:41 pm IST
കൊച്ചി: പാലാരിവട്ടം പാലം വൈകീട്ട് നാലിന് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. പൊതുമരാത്ത് വകുപ്പ് ദേശീയപാതാ വിഭാഗം ചീഫ് എന്‍ജിനീയറാണ് മേല്‍പ്പാലം തുറന്നു നല്‍കിയത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല. 

മന്ത്രി ജി.സുധാകരന്റെ വാഹനമാണ് ആദ്യം കടത്തിവിട്ടത്. തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു. വിപ്ലവ കവിയായ ബര്‍തോള്‍ഡ് ബ്രെഹ്തിന്റെ കവിതാ ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി തൊഴിലാളികളെ അഭിനന്ദിച്ചത്. 

'തീബ്സിലെ ഏഴു കവാടങ്ങള്‍ നിര്‍മ്മിച്ചതാരാണ്? പുസ്തകങ്ങള്‍ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കന്‍ പാറകളുയര്‍ത്തി അവ പടുത്തത് രാജാക്കന്മാരാണോ?' മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികള്‍ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, മറിച്ച് തന്റെ വിയര്‍പ്പും രക്തവും ചിന്തി അധ്വാനിക്കുന്ന തൊഴിലാളികളാണ്. ആ സത്യം ചരിത്രം പലപ്പോളും വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. രണ്ടു മണിക്കൂറിനുള്ളില്‍ അമ്പതിനായിരത്തിലധികം ലൈക്കുകളാണ് ഈ ഫേസ്ബുക്ക് പോസ്റ്റിനു ലഭിച്ചത്. 7400-ലധികം കമന്റുകളും 8300-ലധികം ഷെയറുകളുമാണ് മണിക്കൂറുകള്‍ക്കകം ലഭിച്ചത്. 

ഈ സര്‍ക്കാരിന്റെ കാലത്ത് നിരവധി നേട്ടങ്ങള്‍ നമ്മള്‍ സ്വന്തമാക്കിയിട്ടുണ്ട്. അസാധ്യമെന്നു കരുതിയിരുന്ന വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം സാധ്യമായത് സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടു മാത്രമല്ല, ആ സ്വപ്നം തങ്ങളുടേതു കൂടിയാണെന്ന അര്‍പ്പണബോധത്തോടെ അധ്വാനിച്ച അസംഖ്യം തൊഴിലാളികളുടേതു കൂടിയാണ്. പൂര്‍ത്തീകരിക്കാന്‍ 18 മാസമെടുക്കുമെന്ന് തുടക്കത്തില്‍ കരുതിയ പാലാരിവട്ടം പാലം 6 മാസമാകുന്നതിനു മുന്‍പ് നമുക്ക് പണി തീര്‍ക്കാന്‍ സാധിച്ചെങ്കില്‍, അതിന്റെ കാരണം, ആ ലക്ഷ്യത്തിനായി സ്വയമര്‍പ്പിച്ച് അധ്വാനിച്ച നൂറു കണക്കിനു തൊഴിലാളികളാണ്. അവരോടാണ് ഈ നാടു കടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു. 

ഈ നാടിന്റെ വികസനത്തിനായി, ഈ സര്‍ക്കാര്‍ സ്വപ്നം കണ്ട പദ്ധതികള്‍ സാക്ഷാല്‍ക്കരിക്കുന്നതിനായി തന്റെ അധ്വാനം നീക്കി വച്ച ഓരോ തൊഴിലാളിയോടും ഹൃദയപൂര്‍വം നന്ദി പറയുന്നു. നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ത്യാഗമാണ് കേരളത്തിന്റെ ഉറപ്പ്. ഇനിയും ഒരുപാട് നേടാനുണ്ട്, അതിനായി ഒത്തൊരുമിച്ച് മുന്നോട്ടു പോകാമെന്നും പിണറായി പറഞ്ഞു. ഡി.എം.ആര്‍.സി. ഇ.ശ്രീധരന്‍, ഊരാളുങ്കല്‍ സൊസൈറ്റി എന്നീ കൂട്ടായ്മയുടെ വിജയമാണ് ഇതെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. അഞ്ചു മാസവും 10 ദിവസവും കൊണ്ടാണ് മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പറഞ്ഞിരുന്നതിലും നേരത്തെ പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത് ഇതോടൊപ്പം വാര്‍ത്തകളില്‍ നിറയുന്നുണ്ട്. 

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top