News Desk

2021-09-15 08:13:04 pm IST
ദുബൈ: ഇന്ന് ഉച്ചയോടെ യു.എ.ഇ ദിര്‍ഹത്തിന് 24 ഇന്ത്യന്‍ രൂപയ്ക്ക് മുകളില്‍ മൂല്യമെന്ന് ഗൂഗിളില്‍ കാണിച്ചതോടെ മാസം ആദ്യം നാട്ടിലേക്ക് പണമയച്ച പ്രവാസികള്‍ നിരാശയിലായി. തുടര്‍ച്ചയായി ഗൂഗിളില്‍ നിരക്ക് നോക്കിയപ്പോഴും 24-ന് മുകളില്‍ തന്നെയായിരുന്നു കാണിച്ചിരുന്നത്. ഇന്നലെ വരെ 20 രൂപയുടെ അടുത്ത് നിന്ന എക്‌സ്‌ചേഞ്ച് റേറ്റിന് പെട്ടെന്നായിരുന്നു കുതിപ്പ് സംഭവിച്ചത്. ഇതോടെ പ്രവാസികള്‍ ഒന്നടങ്കം ആശയക്കുഴപ്പത്തിലാവുകയായിരുന്നു.  

ഇതോടെ പ്രവാസികള്‍ കൂട്ടത്തോടെ മണി എക്‌സചേഞ്ചുകളിലേക്ക് വിവരം അന്വേഷിച്ച് വിളിക്കാന്‍ തുടങ്ങി. നിലവില്‍ 20-ന് അടുത്ത് തന്നെയാണ് വിനിമയ നിരക്കെന്ന് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നിരുന്നാലും ആളുകള്‍ക്ക് സംശയം മാറാതെ വീണ്ടും അന്വേഷണം നടത്തുകയായിരുന്നു. ഒടുവില്‍ ഗൂഗിളിന് പിഴവ് പറ്റിയതായിരിക്കുമെന്ന് എക്‌സ്‌ചേഞ്ച് സെന്ററുകള്‍ ഉപഭോക്താക്കളെ അറിയിക്കുകയായിരുന്നു.

ഇതോടെയാണ് മാസാദ്യം നാട്ടിലേക്ക് പണമയച്ച പ്രവാസികള്‍ക്ക് ആശ്വാസമായത്. ഗൂഗിളിലെ നിരക്ക് നോക്കി എക്‌സ്‌ചേഞ്ച് സെന്ററുകളിലേക്ക് പണം അയക്കാന്‍ പോയവരുടെ കഥകള്‍ പിന്നാലെ സോഷ്യല്‍ മീഡിയകളിലെ പ്രവാസി പേജുകളില്‍ ട്രോളുകളാവുകയും ചെയ്തു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top