News Desk

2021-03-07 10:02:36 pm IST
ദോഹ: ഖത്തറില്‍ ഇതുവരെ മുതിര്‍ന്ന ആളുകളുടെ ജനസംഖ്യയില്‍ 10 ശതമാനം പേരെങ്കിലും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ ആരംഭിച്ചത് മുതല്‍ കൊവിഡ് വാക്‌സിന്റെ 327,582 ഡോസുകള്‍ നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതില്‍ മുതിര്‍ന്ന ജനസംഖ്യയുടെ പത്ത് ശതമാനം പേര്‍ക്ക് ഇതിനകം വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു.

അതിന്റെ ഫലപ്രാപ്തി ഉറപ്പുവരുത്തുന്നതിനായി എല്ലാവരും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കേണ്ടത് വളരെ പ്രധാനമാണെന്നും അല്‍കുവാരി പറഞ്ഞു.
 
രാജ്യത്ത് നടപ്പാക്കിയ വാക്‌സിനേഷന്‍ ക്യാമ്പെയിന്റെ പ്രാരംഭ ഘട്ടത്തില്‍ ഏറ്റവും ദുര്‍ബലരായ, കൊവിഡ് അപകടസാധ്യതയുള്ള, പ്രായമായ ആളുകളെയാണ് പരിഗണിച്ചത്. ഈ തീരുമാനം ഈ വിഭാഗം ജനങ്ങളെ പകര്‍ച്ചവ്യാധികളില്‍ നിന്നും സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് ഉറപ്പാക്കാന്‍ സഹായിച്ചു.

മോഡേണ വാക്‌സിനും ഫൈസര്‍, ബയോന്‍ടെക് വാക്‌സിനും ലഭ്യമായതോടെ വാക്‌സിനേഷന്‍ പ്രോഗ്രാം വേഗത്തില്‍ നീങ്ങുന്നതായും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ ഏറ്റവും ദുര്‍ബലരായ 60 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരില്‍ പകുതിയിലധികം പേര്‍ക്കും വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.

80 വയസ്സിനു മുകളിലുള്ള 61 ശതമാനം ആളുകള്‍, 70 വയസ്സിനു മുകളിലുള്ള 61 ശതമാനം ആളുകള്‍, 60 വയസ്സിനു മുകളിലുള്ള 55 ശതമാനം ആളുകളും വാക്‌സിന്‍ സ്വീകരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ആദ്യ ആറ് ആഴ്ചകളില്‍ 60,000 ഡോസുകള്‍ കൊവിഡ് ബാധ മൂലം കൂടുതല്‍ അപകടസാധ്യതയുള്ള ആളുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കഴിഞ്ഞ ആറ് ആഴ്ചയില്‍ 267,000 ഡോസുകള്‍ മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top