News Desk

2021-04-21 05:32:41 pm IST
കൊല്‍ക്കത്ത: ജയ് ശ്രീറാം വിളിച്ചില്ലെന്ന് ആരോപിച്ച് നാലാം ക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മഹാദേവ് ശര്‍മ്മ എന്ന പത്ത് വയസ്സുകാരന്‍ രണഘട്ട് സബ് ഡിവിഷണല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം നടന്നത്. തൃണമൂല്‍ പ്രവര്‍ത്തകന്റെ മകനെയാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ ക്രൂരമായി മര്‍ദിച്ചത്. 

ബി.ജെ.പി പ്രവര്‍ത്തകനും പ്രാദേശിക വനിതാ നേതാവ് മിഥുവിന്റെ ഭര്‍ത്താവുമായ മഹാദേബ് പ്രമാണിക് ആണ് കുട്ടിയെ ഉപദ്രവിച്ചത്.  ഫുലിയ എന്ന സ്ഥലത്ത് ചായക്കട നടത്തുകയാണ് പ്രമാണിക്. കടയുടെ മുന്നിലൂടെ പോയ കുട്ടിയെ ഇയാള്‍ വിളിച്ചുവരുത്തി ഉപദ്രവിക്കുകയായിരുന്നു. തൃണമൂല്‍ പ്രവര്‍ത്തകനായ ശ്യാം ചന്ദ് ശര്‍മയുടെ മകനാണ് മഹാദേവ്. 

17 ന് നടന്ന വോട്ടെടുപ്പിനിടെ ശര്‍മയും പ്രമാണികുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് പ്രമാണിക് കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയോട് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി വഴങ്ങിയില്ല. തുടര്‍ന്നായിരുന്നു മര്‍ദ്ദനം. കുട്ടിയുടെ മുഖത്തും തലയിലും പിന്‍ഭാഗത്തുമെല്ലാം മര്‍ദ്ദിച്ചതിന്റെ പാടുകളുണ്ട്. മഹാദേവിന്റെ നില തൃപ്തികരമാണെങ്കിലും മര്‍ദ്ദനമേറ്റ ആഘാതത്തില്‍ നിന്നും ഇതുവരെ മുക്തനായിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയിരിക്കുകയാണ് പ്രമാണിക്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

Top