News Desk

2021-03-28 10:11:31 am IST

യാങ്കൂണ്‍: പട്ടാള ഭരണത്തിനെതിരെ മ്യാന്‍മറിലെ വിവിധ നഗരങ്ങളില്‍ തെരുവിലിറങ്ങിയ 114 പേരെ സൈന്യം വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടതില്‍ മൂന്നു കുട്ടികളും ഉള്‍പ്പടുന്നു. 

മ്യാന്‍മറിന്റെ 76-ാം സായുധസേന ദിനമായിരുന്നു ഇന്നലെ. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് പേരാണ് സൈന്യത്തിനെതിരെ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. ഈ സംഘങ്ങള്‍ക്ക് നേരെയാണ് സൈന്യം വെടിയുതിര്‍ത്തത്. കണ്ടാലുടന്‍ വെടിവയ്ക്കാനാണ് ഉത്തരവ്. ഒന്നര മാസം പിന്നിട്ട പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞു.

മ്യാന്‍മാറില്‍ ഇത്രയധികം പ്രതിഷേധക്കാര്‍ ഒറ്റദിവസം കൊല്ലപ്പെടുന്നത് ആദ്യമാണ്. ഈമാസം 14-ന് പൊലീസും പട്ടാളവും നടത്തിയ വെടിവെപ്പില്‍ തൊണ്ണൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

മാന്‍ഡലെയില്‍ അഞ്ചു വയസ്സുള്ള കുട്ടി അടക്കം 29 പേരാണ് കൊല്ലപ്പെട്ടത്. യാങ്കൂണില്‍ 24 പേരും. ഒരു വയസ്സുള്ള കുഞ്ഞിന്റെ കണ്ണില്‍ റബര്‍ ബുള്ളറ്റേറ്റതായും റിപ്പോര്‍ട്ടുണ്ട്. 'തലയിലും പുറത്തും' വെടിയേല്‍ക്കുന്ന സാഹചര്യം സമരക്കാരുണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ ടി.വി റിപ്പോര്‍ട്ട്.

സൈന്യത്തിന്റെ കൂട്ടക്കുരുതിയോട് അന്താരാഷ്ട്ര സമൂഹവും രൂക്ഷമായാണ് പ്രതികരിച്ചത്. പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് യു.എസ് പ്രതിനിധി പ്രതികരിച്ചു. ഇത്തരം നടപടികളില്‍ നിന്ന് സൈന്യം സ്വയം പിന്‍വാങ്ങണമെന്ന് ബ്രിട്ടീഷ് അംബാസിഡര്‍ ഡാന്‍ ചഗ് പറഞ്ഞു.

ചില സ്ഥലങ്ങളില്‍ സൈന്യം വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. 28 സ്ഥലങ്ങളില്‍ ആക്രമണം നടന്നതായി 'ദി ഇരവാഡി' റിപ്പോര്‍ട്ടു ചെയ്തു. സൈന്യത്തിന് അപമാനകരമായ ദിവസമാണിതെന്നും നിരപരാധികളെ കൊന്നൊടുക്കി സായുധദിനം ആഘോഷിക്കുകയാണ് സൈനിക മേധാവികളെന്നും പ്രതിഷേധക്കാരുടെ വക്താവ് ഡോ. സാന്‍സ കുറ്റപ്പെടുത്തി.

എന്നാല്‍, ജനങ്ങളെ സംരക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് നടത്തുമെന്നും സൈനിക മേധാവി മിന്‍ ആങ് ലേയിങ് പറഞ്ഞു. പ്രക്ഷോഭങ്ങള്‍ രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് വിഘാതമാണെന്നും നൊബേല്‍ പുരസ്‌കാര ജേതാവ് ആങ് സാന്‍ സ്യൂചിയും ഭരണകക്ഷിയായ 'നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി'യും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാലാണ് അധികാരം പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ത്തതായും അദ്ദേഹം ആരോപിച്ചു.

സായുധസേനാദിനത്തിന്റെ ഭാഗമായി നടന്ന പരേഡില്‍ റഷ്യന്‍ പ്രതിരോധ സഹമന്ത്രി അലക്സാണ്ടര്‍ ഫോര്‍മിന്‍ പങ്കെടുത്തു. സൈന്യത്തിനുനേരെ അന്താരാഷ്ട്ര പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പരേഡിലെ റഷ്യന്‍ സാന്നിധ്യം. 

അട്ടിമറിക്ക് ഉത്തരവാദികളായവര്‍ക്കുനേരെ യു.എസും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, റഷ്യയും ചൈനയും പട്ടാളഭരണകൂടത്തെ പിന്തുണയ്ക്കുകയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top