News Desk

2021-05-25 10:24:48 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ആദ്യഘട്ടത്തിന് രണ്ട് ദിവസം കൂടി ബാക്കിയിരിക്കേ 1,20,000ല്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് വാക്സിന്‍ നല്‍കിയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ വാക്സിനെടുത്തവര്‍ക്ക് നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയത്.

കഴിഞ്ഞ ആഴ്ച്ചകളില്‍ പ്രായപരിധി നോക്കാതെ തന്നെ അടിസ്ഥാന മേഖലയിലെ തൊഴിലാളി വിഭാഗങ്ങള്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കിയിരുന്നു. നാല്ഘട്ടങ്ങളിലായാണ് രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. ആദ്യഘട്ടം ഈ മാസം 28 മുതലാണ് ആരംഭിക്കുന്നത്. 

ഈ സാഹചര്യത്തിലാണ് സുരക്ഷിത സാഹചര്യം ഒരുക്കുന്നതിന് ജനങ്ങളുമായി നേരിട്ട് ഇടപഴകുകയും അടിസ്ഥാന മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ ഊര്‍ജിതമാക്കിയതെന്ന് കൊവിഡ് വാക്സിനേഷന്‍ അപ്പോയിന്‍മെന്റ് യൂനിറ്റിന് നേതൃത്വം നല്‍കുന്ന ഡോ. ഖാലിദ് അബ്ദുല്‍നൂര്‍ പറഞ്ഞു.

ബിസിനസുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് വാക്‌സിനേഷന് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനമേര്‍പ്പെടുത്തിയാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. പ്രത്യേകിച്ചും ജനങ്ങളുമായി ഇടപഴകുന്ന കമ്മ്യൂണിറ്റി അംഗങ്ങളായ ബാര്‍ബര്‍, ഹെയര്‍ഡ്രെസ്സര്‍, റെസ്റ്റോറന്റുകള്‍, സ്റ്റോറുകള്‍, കാറ്ററിംഗ് സ്റ്റോറുകള്‍, ഹോട്ടലുകള്‍, ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ തുടങ്ങിയ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ പ്രത്യേകം പരിഗണനനല്‍കിയിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top