News Desk

2022-05-11 07:46:56 pm IST
ദുബായ്: ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അവയവമനുഷ്യക്കടത്ത് മാഫിയകളുമായി ബന്ധപ്പെട്ട് 121 പേര്‍ പിടിയിലായതായി ഇന്റര്‍പോള്‍ അറിയിച്ചു. 25 രാജ്യങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മനുഷ്യക്കടത്തിന് ഇരകളായ 85 പേരെ മോചിപ്പിക്കുകയും സംശയകരമായ സാഹചര്യത്തിലായിരുന്ന 3400 പേരെ കണ്ടെത്തുകയും ചെയ്തു.

ഇന്തൊനീഷ്യന്‍ പൗരന്മാരെ വലയിലാക്കി തുര്‍ക്കി കേന്ദ്രീകരിച്ചാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അവയവക്കടത്തുസംഘം ശസ്ത്രക്രിയകള്‍ നടത്തുന്നതെന്നും ഇന്റര്‍പോള്‍ വ്യക്തമാക്കി. ഓപ്പറേഷന്‍ സ്റ്റോം എന്ന പേരില്‍ നടത്തിയ പരിശോധനകള്‍ക്ക് ഒടുവിലായിരുന്നു വ്യാപകമായ അറസ്റ്റ്. വിയറ്റ്‌നാമിലെ ഹാനോയ്, യു.എ.ഇയിലെ അബുദാബി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്റര്‍പോള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

വ്യാജ പാസ്‌പോര്‍ട്ടും രേഖകളും മറ്റും കണ്ടെത്താനായി യു.എ.ഇയിലെ വിമാനത്താവളങ്ങളിലെ സ്മാര്‍ട് ഗേറ്റുമായി ബന്ധിപ്പിച്ച് ഇന്റര്‍പോളിന്റെ ഡേറ്റാ ബേസ് പ്രവര്‍ത്തിപ്പിച്ചാണ് ഇത് കണ്ടെത്തിയത്. ഇത്തരത്തില്‍  ഒന്നരക്കോടി പരിശോധനകളാണ് രാജ്യാന്തര തലത്തില്‍ നടത്തിയത്. അഫ്ഗാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്ന് ഗ്രീസിലെ തെസലോനിക്കയിലേക്ക് നടത്തിയ മനുഷ്യക്കടത്തും തടഞ്ഞു.

വിയറ്റ്‌നാമില്‍ നിന്ന് ജര്‍മനിയിലേക്കു കടത്തിയ സംഘത്തെയും പിടികൂടി. തായ്ലന്‍ഡില്‍ നിന്ന് വേശ്യാവൃത്തിക്ക് മാലദ്വീപുകളില്‍ കൊണ്ടുവന്ന സ്ത്രീകളെയും രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിതരായി നാട്ടില്‍ എത്തിച്ചതായും സെക്രട്ടറി ജനറല്‍ യൂര്‍ഗന്‍ സ്റ്റോക്ക് അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top