News Desk

2021-03-28 10:42:16 am IST

ദോഹ: കൊവിഡിനെതിരായ വാക്സിനേഷന്‍ പദ്ധതി വിപുലീകരിക്കാന്‍ ഖത്തര്‍ നടത്തിയ വലിയ ശ്രമങ്ങളെ പ്രശംസിച്ച് പൊതുജനാരോഗ്യ മന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. അല്‍ വക്രയില്‍ രണ്ടാമത്തെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു

വാക്സിന്റെ കൂടുതല്‍ ബാച്ചുകള്‍ രാജ്യത്തെത്തിയതോടെ ആഴ്ച്ച തോറും 1,30,000 ഡോസ് വാക്സിന്‍ നല്‍കുന്നതായി മന്ത്രി പറഞ്ഞു. രാജ്യത്തെ 35 സെന്ററുകളിലാണ് വാക്സിന്‍ വിതരണം നടക്കുന്നത്. 

അല്‍ വക്രയിലെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ കേന്ദ്രം ദേശീയ കൊവിഡ് -19 വാക്‌സിനേഷന്‍ പ്രോഗ്രാമിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അല്‍ വക്രയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് വാക്‌സിനുകള്‍ ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു.

ലുസൈലിലെ അതേ മാതൃകയിലാണ് അല്‍വക്റയിലെ സെന്ററും പ്രവര്‍ത്തിക്കുക. ഫൈസര്‍-ബയോഎന്‍ടെകിന്റെയും മൊഡേണയുടെയും രണ്ടാം ഡോസ് ഇവിടെ ലഭിക്കും. രണ്ടാം ഡോസ് വാക്സിനേഷന്‍ എടുക്കേണ്ട തീയതിയില്‍ മുന്‍കൂട്ടി അപ്പോയിന്‍മെന്റില്ലാതെ തന്നെ ഡ്രൈവ്-ത്രൂ സെന്ററില്‍ നിന്ന് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. 

രണ്ടാമത്തെ ഡോസ് എടുക്കേണ്ട സമയത്തിനു മുമ്പ് സെന്ററില്‍ എത്തിയാല്‍ വാക്‌സിന്‍ ലഭ്യമാകില്ലെന്നും അവര്‍ പറഞ്ഞു. രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് അല്‍വക്റയിലെ സെന്റര്‍ പ്രവര്‍ത്തിക്കുക. രാത്രി ഒമ്പതു വരെയായിരിക്കും പ്രവേശനം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top