News Desk

2021-03-02 07:45:45 pm IST

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇയില്‍ 2,721 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 15 പേരാണ് പുതുതായി മരിച്ചത്. 1,666 പേര്‍ രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു. 

പുതുതായി 225,159 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 31 ദശലക്ഷമായതായി അധികൃതര്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇപ്രാവശ്യം റമസാന്‍ കൂടാരങ്ങള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കണമെന്ന മാനദണ്ഡം കര്‍ശനമായി നടപ്പാക്കാനുമാണ് ടെന്റുകള്‍ക്ക് അനുമതി നിഷേധിച്ചതെന്ന് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വിഭാഗം അറിയിച്ചു. 

യു.എ.ഇയില്‍ എല്ലായിടത്തും ഇത്തരം ടെന്റുകളില്‍ റമസാന്‍ കാലത്ത് സൗജന്യ നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്തിരുന്നു. അതേസമയം, നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന വിവിധ എമിറേറ്റുകളില്‍ ശക്തമായി തുടരുന്നുണ്ട്. 

നിയമലംഘകര്‍ക്ക് പിഴ ചുമത്തുകയും സ്ഥാപനങ്ങള്‍ അടപ്പിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തുവരുന്നു. ദുബൈ സാമ്പത്തിക വകുപ്പിലെ കമേഴ്‌സ്യല്‍ കോംപ്ലെയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗം എമിറേറ്റില്‍ പരിശോധനകള്‍ ശക്തമായി തുടരുന്നതായി അറിയിച്ചു. 

നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബൈ കണ്‍സ്യൂമര്‍ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ വിവരം അധികൃതരെ അറിയിക്കണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top