ലാഹോര്‍: പാക്കിസ്ഥാനില്‍ ലാഹോറിലെ മൃഗശാലയില്‍ രണ്ട് വെളുത്ത കടുവക്കുട്ടികള്‍ ചത്തത് കൊവിഡ് ബാധിച്ചെന്ന് കണ്ടെത്തല്‍. 11 ആഴ്ച പ്രായമുള്ള കടുവക്കുട്ടികളാണ് കഴിഞ്ഞ മാസം 30-ന് ചത്തത്.
കടുവക്കുട്ടികള്‍ ചത്തത് പാക്കിസ്ഥാനില്‍ സാധാരണയായി കാണപ്പെടുന്ന പൂച്ചകളുടെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന പാന്ല്യുകോപെനിയ എന്ന വൈറസ് ബാധിച്ചതാണെന്ന നിഗമനത്തിലായിരുന്നു അധികൃതര്‍.
എന്നാല്‍ അണുബാധ കാരണം കടുവക്കുട്ടികളുടെ ശ്വാസകോശത്തിന് കാര്യമായ തകരാറ് സംഭവിച്ചതായി രാസപരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നാണ് കടുവക്കുട്ടികള്‍ ചത്തത് കൊവിഡ് ബാധിച്ചാണെന്ന് കണ്ടെത്തിയത്.
പി.സി.ആര് പരിശോധന നടത്തിയിട്ടില്ലെങ്കിലും കൊവിഡിന്റെ ഇരകളാണ് കടുവക്കുട്ടികളെന്ന് മൃഗശാല ഡെപ്യൂട്ടി ഡയറക്ടര്‍ കിരണ്‍ സലീം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കടുവക്കുട്ടികള്‍ ചത്തതോടെ മൃഗശാല അധികൃതര്‍ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും കൊവിഡ് പരിശോധന നടത്തി. ഇതില്‍ കുടവക്കുട്ടികളെ പരിപാലിച്ചിരുന്ന ഒരാള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത് കടുവക്കുട്ടികള്‍ക്ക് കൊവിഡ് ആണെന്ന കണ്ടെത്തലിനെ ശക്തിപ്പെടുത്തുന്നതായും പരിപാലിക്കുയും ഭക്ഷണം നല്‍കുകയും ചെയ്ത വ്യക്തിയില്‍ നിന്നാകാം അവക്ക് രോഗം ബാധിച്ചതെന്നും സലീം കൂട്ടിച്ചേര്‍ത്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ