News Desk

2021-04-04 02:15:30 pm IST

റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ കൊല്ലപ്പെട്ടു. 31 സൈനികര്‍ക്ക് പരിക്കേറ്റു. ഒരാളെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ബിജാപുര്‍ എസ്.പി കാമലോചന്‍ കശ്യപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 17 സൈനികരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കാണാതായ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂടിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ശനിയാഴ്ച സുക്മ-ബിജാപുര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്. 

നാല് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ 15-ലധികം മാവോവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.  കോബ്ര യൂനിറ്റ്, സി.ആര്‍.പി.എഫ്, ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ് ജവാന്‍മാരാണ് കൊലപ്പെട്ടത്.  മാവോവാദികള്‍ക്കായി പ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് എത്തിക്കുകയാണ് അധകൃതര്‍.

എസ്.ടി.എഫ്, ഡി.ആര്‍.ജി, സി.ആര്‍.പി.എഫ്, കോബ്ര എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള നാനൂറോളം പേരാണ് ഓപ്പറേഷനായി ഈ മേഖലയിലേക്ക് പോയത്. ഏറ്റുമുട്ടലിനിടെ മാവോവാദികള്‍ രണ്ട് ഡസനിലധികം ആയുധങ്ങള്‍ മോഷ്ടിച്ചതായും സി.ആര്‍.പി.എഫ് വൃത്തങ്ങള്‍ പറഞ്ഞു. 

സി.പി.ഐ (മാവോയിസ്റ്റ്) നേതാവ് മഡ്‌വി ഹിദ്മയെ കുറിച്ച് രഹസ്യ വിവരത്തിനു പിന്നാലെ 10 ദിവസമായി പ്രദേശത്ത് സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായായിരുന്നു ശനിയാഴ്ചത്തെ സുരക്ഷ സേനയുടെ നീക്കം. മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ നടുക്കം രേഖപ്പെടുത്തി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top