News Desk

2021-02-02 08:08:03 pm IST
ദുബൈ: ഇന്ത്യന്‍ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി 19 ലക്ഷം ദിര്‍ഹം (ഏതാണ്ട് മൂന്നു കോടി എഴുപത് ലക്ഷം രൂപ) കവര്‍ച്ച ചെയ്ത കേസിന്റെ വിചാരണ ആരംഭിച്ചു. ദുബൈ പ്രാഥമിക കോടതിയിലാണ് വിചാരണ ആരംഭിച്ചത്.

48 കാരനായ വ്യവസായിയെയാണ് തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. എട്ടംഗ ഇന്ത്യന്‍ സംഘമാണ് ഇതിനു പിന്നില്‍. ദെയ്‌റ നായിഫിലാണ് സംഭവം നടന്നത്. രണ്ടു പേര്‍ വ്യവസായിയുടെ ഓഫീസിന് പുറത്തു നില്‍ക്കുകയും രണ്ടു പേര്‍ പൊലീസ് ചമഞ്ഞ് അകത്ത് പ്രവേശിച്ച് ബാക്കിയുള്ളവര്‍ക്ക് സേയ്ഫില്‍ നിന്ന് പണമെടുക്കാന്‍ വഴിയൊരുക്കിക്കൊടുക്കുകയുമായിരുന്നു. 

പ്രതികള്‍ കൊമേഴ്‌സ്യല്‍ ലൈസന്‍സ് ആവശ്യപ്പെട്ടാണ് സ്ഥാപനത്തിന് അകത്ത് കയറിയത്. പുതുക്കാനായി പാര്‍ട്ണറുടെ കൈവശമാണെന്ന് മറുപടി നല്‍കി. ഇതേ തുടര്‍ന്ന് വ്യവസായിയുടെ മൊബൈല്‍ ഫോണും സേയ്ഫിന്റെ താക്കോലും പിടിച്ചു വാങ്ങിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവാസിയോടും ജീവനക്കാരോടും സംഘത്തിനൊപ്പം റാഷിദിയ്യ പൊലീസ് സ്റ്റേഷനിലേയ്ക്ക് വരാന്‍ ആവശ്യപ്പെട്ടു. വ്യവസായി ഇത് ശരിയാണെന്ന് കരുതി അനുസരിയ്ക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ കാര്‍ ഇന്റര്‍നാഷനല്‍ സിറ്റി ഭാഗത്തേയ്ക്ക് പോയപ്പോള്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിനടുത്ത് നിര്‍ത്തി സംഘത്തിന് എനര്‍ജി ഡ്രിങ്ക് വാങ്ങിക്കൊണ്ടുവരാന്‍ വ്യവസായിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇദ്ദേഹം കാറില്‍നിന്നിറങ്ങിയ ഉടന്‍ സംഘം രക്ഷപ്പെടുകയായിരുന്നു. ഉടന്‍ പാര്‍ട്ണറെ വിളിച്ച് ഓഫീസ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പണം നഷ്ടപ്പെട്ടിരുന്നു. തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, പൊലീസ് ചമയല്‍ എന്നീ കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചുമത്തിയത്. കേസിന്റെ തുടര്‍ വിചാരണ ഈ മാസം 22ന് നടക്കും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH


Top