News Desk

2021-04-24 03:34:23 pm IST
ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമത്തില്‍ വെല്ലുവിളി നേരിടുന്ന ഇന്ത്യയ്ക്ക് ആശ്വാസമായി നാല് കണ്ടെയ്‌നര്‍ ഓക്‌സിജന്‍ സിംഗപ്പൂരില്‍ നിന്ന് എത്തിക്കും. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന വെല്ലുവിളി ഓക്‌സിജന്റെ ലഭ്യതയാണ്. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ദൗര്‍ലഭ്യതയും ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കുകയുമാണ്. 

വ്യോമസേനയുടെ സി-17 വിമാനത്തിലാകും ഓക്‌സിജന്‍ എത്തിക്കുക. ഇതിനായി വിമാനം സിംഗപ്പൂരിലെ ചാങ്ഗി വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. വൈകുന്നേരത്തോടെ പശ്ചിമബംഗാളിലെ പനാഗ്രാഹിലേക്ക് ഓക്‌സിജനുമായി വിമാനമെത്തുമെന്ന് വ്യോമസേന വക്താവ് അറിയിച്ചിട്ടുണ്ട്. ബംഗാളില്‍ നിന്ന് ചത്തീഗഢിലേയും ഒറീസയിലേയും ഓക്‌സിജന്‍ പ്ലാന്റുകളിലേക്ക് മാറ്റും. 

അവിടെ നിന്നാകും മറ്റു സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുക. ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ പ്രതിരോധ രംഗത്ത് സഹകരണ കരാര്‍ നില നില്‍ക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സിംഗപ്പൂര്‍ ഇന്ത്യക്ക് ഓക്‌സിജന്‍ നല്‍കുന്നത്. അതേസമയം, ഉടന്‍ തന്നെ യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്ക് ഓക്‌സിജന്‍ എത്തിക്കും. കൂടാതെ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന ഇ പ്ലാന്റുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയിലെത്തുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഓരോ പ്ലാന്റിനും മിനിറ്റില്‍ 40 ലിറ്റര്‍ ഓക്സിജനും മണിക്കൂറില്‍ 2,400 ലിറ്ററും ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. പ്ലാന്റിന്റെ പ്രയോജനം അവ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നതാണ്. നിലവില്‍ 23 പ്ലാന്റുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top