News Desk

2021-03-17 02:46:59 pm IST

ജിദ്ദ: സൗദി അറേബ്യയില്‍ ഷോപ്പിംഗ് സെന്ററില്‍ വെച്ച് യുവതികളോട് അപമര്യാദമായി പെരുമാറിയ നാല് സ്വദേശി യുവാക്കള്‍ അറസ്റ്റില്‍. 20-തിനും 30-തിനും ഇടയില്‍ പ്രായമുള്ള യുവാക്കളെയാണ് അറസ്റ്റു ചെയ്തത്. 

തായിഫ് ഷോപ്പിംഗ് സെന്ററിലാണ് സംഭവം. ഷോപ്പിംഗിനെത്തിയ തങ്ങളോട് യുവാക്കള്‍ സംഘം ചേര്‍ന്ന് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്‌തെന്ന് യുവതികള്‍ പറഞ്ഞു.

യുവതികളിലൊരാള്‍ യുവാക്കള്‍ ശല്യം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. ഇതേത്തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുത്ത് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഇവര്‍ക്കെതിരെ ലൈംഗിക അതിക്രമം തടയല്‍ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം നടപടികള്‍ സ്വീകരിച്ചതായി പൊലിസ് വക്താവ് അറിയിച്ചു. 2018-ലാണ് ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ അനുശാസിക്കുന്ന നിയമം സൗദി കാബിനറ്റ് പാസാക്കിയത്. സ്ത്രീകളുടെ സ്വകാര്യതയും മാന്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് നിയമം.

ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ രണ്ട് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യം ആവര്‍ത്തിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം വരെ പിഴയും ലഭിക്കും.  ലൈംഗിക പീഡനത്തിന് പ്രേരിപ്പിക്കുന്നതും ഇല്ലാത്ത പീഡന ആരോപണങ്ങള്‍ ഉന്നയിക്കുന്നതും സൗദി കുറ്റകരമാക്കിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top