News Desk

2021-04-17 12:23:54 pm IST
ന്യൂയോര്‍ക്ക്:  അമേരിക്കന്‍ നഗരമായ ഇന്ത്യാനപോളിസില്‍ ഉണ്ടായ വെടിവെപ്പില്‍ മരിച്ചവരില്‍ നാല് ഇന്ത്യന്‍ വംശജരും. നാല് പേരും സിഖ് സമുദായത്തില്‍പ്പെട്ടവരാണ്. ആക്രമണത്തില്‍ ആകെ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ഇന്ത്യാനപോളിസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ഫെഡ് എക്‌സ് വ്യാപാരകേന്ദ്രത്തിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ ജോലി ചെയ്യുന്നവരില്‍ 90 ശതമാനത്തോളം പേര്‍ ഇന്ത്യന്‍ വംശജരാണ്.

ഇന്ത്യാന സ്വദേശിയായ പത്തൊമ്പതുകാരന്‍ ബ്രണ്ടന്‍ സ്‌കോട്ട് ആണ് വെടിയുതിര്‍ത്തത്. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. ആക്രമണത്തില്‍ മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇന്ത്യാനപോളിസ് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും അനുശോചനം അറിയിച്ചു. വാഷിംഗ്ടണിലുള്ള ഇന്ത്യന്‍ എംബസിയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഓരോ വര്‍ഷവും നാല്പതിനായിരത്തിലേറെ പേരാണ് അമേരിക്കയില്‍ വെടിവെപ്പില്‍ മരിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ മാസം അവസാനം കാലിഫോര്‍ണിയയില്‍ സമാനമായ സംഭവം അരങ്ങേറിയിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. മാര്‍ച്ച് 22ന് കൊളറാഡോയില്‍ നടന്ന വെടിവെയ്പില്‍ 10 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top