News Desk

2021-03-15 05:31:25 pm IST


റിയാദ്: സൗദിയില്‍ അഞ്ച് തെരുവുനായ്ക്കള്‍ ചേര്‍ന്ന് നാലു വയസ്സുള്ള പെണ്‍കുട്ടിയെ കടിച്ചുകൊന്നു. റിയാദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള അല്‍ വാഷൈലയിലാണ് അതിദാരുണമായ സംഭവമുണ്ടായത്. 

വെക്കേഷന്‍ ചെലവഴിക്കുന്നതിനായി അവധിദിന വീട്ടിലെത്തിയതായിരുന്നു കുടുംബം. കുട്ടി കളിക്കാനായി വീടിനു പുറത്തേക്ക് ഇറങ്ങിയ സമയത്ത് തെരുവുനായ്ക്കള്‍ വന്ന് കുട്ടിയെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. 

ബഹളം കേട്ട് പരിസരത്തുള്ളവര്‍ ഓടിയെത്തി നായകളെ ഓടിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. ഏതാനും മണിക്കൂര്‍ കഴിഞ്ഞ് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

കുട്ടിയെ വീട്ടിനകത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് തിരഞ്ഞിറങ്ങിയ അമ്മയാണ് നായ്ക്കള്‍ ചേര്‍ന്ന് കുട്ടിയെ ആക്രമിക്കുന്നത് കണ്ടത്. ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ചുറ്റുഭാഗത്തുണ്ടായിരുന്ന ആളുകള്‍ ഓടിക്കൂടുകയായിരുന്നു. 

ആളുകള്‍ ഓടിക്കൂടുന്നത് കണ്ട് കുട്ടിയെ ഉപേക്ഷിച്ച് നായ്ക്കള്‍ പോയെങ്കിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റ കുട്ടി ആശുപത്രിയില്‍ വെച്ച് മരിക്കുകയാണുണ്ടായത്. 

സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒഴിവ് സമയത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കാന്‍ എത്തുന്ന പ്രദേശമാണ് അല്‍ വഷൈല. ഇവിടെ തെരുവ്നായ്ക്കളുടെ ശല്യമുണ്ടെന്ന് നേരത്തേയും പരാതി ഉയര്‍ന്നിരുന്നുവെങ്കിലും ഫലപ്രദമായ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top