News Desk

2021-04-07 11:01:59 pm IST
ദോഹ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പുതിയ തീരുമാനങ്ങള്‍ ഏപ്രില്‍ ഒമ്പതു മുതല്‍ പ്രബല്യത്തില്‍ വരും. 

പൊതു- സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ ജീവനക്കാരെ അമ്പത് ശതമാനമായി കുറയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മ്യൂസിയങ്ങള്‍, ലൈബ്രറികള്‍, നഴ്‌സറികള്‍ മുതലായവ അടച്ചിടാന്‍ തീരുമാനമായി. കോര്‍ണിഷിലും പബ്ലിക് പാര്‍ക്കുകളിലും ഒത്തുകൂടല്‍ അനുവദിക്കില്ല. വാക്‌സിനേഷന്‍ ചെയ്ത അഞ്ച് പേര്‍ക്ക് മാത്രമേ തുറസ്സായ  സ്ഥലങ്ങളില്‍ ഒത്തുചേരാന്‍ അനുവാദമുള്ളു. 

സമൂഹ സുരക്ഷയ്ക്ക് വേണ്ടി സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റിന്റെ റിപ്പോര്‍ട്ട് അവലോകനം ചെയ്ത ശേഷമാണ് വീണ്ടും രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. 

നിയന്ത്രണങ്ങള്‍ താഴെപ്പറയുന്നവയാണ്

1. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ എണ്ണം മൊത്തം തൊഴിലാളികളുടെ അമ്പത് ശതമാനമായി കുറയ്ക്കുക. മറ്റ് തൊഴിലാളികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തുക. മീറ്റിങ്ങുകള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുക, അല്ലെങ്കില്‍ അഞ്ച് പേരെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുക. മിള്‍ട്രി, സെക്യൂരിറ്റി, ഹെല്‍ത്ത് വിഭാഗങ്ങളെ ഇവയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

2. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കുക. കുടുംബത്തോടൊപ്പവും/ഒറ്റയ്ക്കും വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍  മാസ്‌ക് ധരിക്കുന്നതിന് നിര്‍ബന്ധമില്ല. 
 
3. രാജ്യത്തെ താമസക്കാര്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും എതിറാസ് ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക. 

4. വെള്ളിയാഴ്ച നമസ്‌കാരങ്ങള്‍ക്ക് പള്ളികള്‍ തുറക്കും. റമദാന്‍ മാസത്തിലെ തറാവീഹ് നമസ്‌കാരം വീടുകളില്‍ നടത്തുക. പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ പള്ളികളില്‍ അനുവദിക്കില്ല. പള്ളികളിലെ ശുചിമുറികള്‍ അടച്ചിടും. 

5. സമൂഹ ഒത്തുചേരലുകളും, വീട്,മജ്‌ലിസ് സന്ദര്‍ശനങ്ങള്‍ക്ക് വിലക്ക്. വാക്‌സിനേഷന്‍ ചെയ്ത അഞ്ച് പേര്‍ക്ക് മാത്രമേ തുറസ്സായ  സ്ഥലങ്ങളില്‍ ഒത്തുചേരാന്‍ അനുവാദമുണ്ട്. 

6. വിന്റര്‍ ക്യാമ്പുകളില്‍ ഓരേ വസതിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ അനുവാദമുള്ളു. 

7. വിവാഹങ്ങള്‍ക്ക് നേരത്തെ നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ തുടരും. 

8. ബീച്ചുകള്‍,കോര്‍ണിഷ്, പബ്ലിക് പാര്‍ക്ക്, തുടങ്ങിയിടങ്ങളില്‍ ഒത്തുചേരല്‍ അനുവദിക്കില്ല. ഇവിടങ്ങളിലെ കളിസ്ഥലങ്ങള്‍, കായിക ഉപകരണങ്ങള്‍ എന്നിവ അടച്ചിടും. വ്യക്തിഗത കായിക ഇനങ്ങളായ നടത്തം, സൈക്ലിംങ്, ജോഗിംഗ് എന്നിവയക്ക് അനുമതി ഉണ്ടാകും. 

9. കാറുകളില്‍ ഡ്രൈവറടക്കം നാല് പേര്‍ക്കാണ് യാത്രാനുമതി. ഒരേ വീട്ടിലെ കുടുംബാംഗങ്ങള്‍ക്ക് ഇളവുകള്‍ ലഭിക്കും. 10. ജോലിസ്ഥലങ്ങളിലേക്കുള്ള തൊഴിലാളികളുടെ ബസുകളില്‍ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളു. കൊവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചിരിക്കണം. 

11. 20 ശതമാന ശേഷിയില്‍  മെട്രോ  സര്‍വീസ് നടത്തും. വെള്ളി, ശനി ദിവസങ്ങളില്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. പൊതുഗതാഗത സംവിധാനം 20 ശതമാനം ശേഷിയില്‍ നടത്തും. ചില റൂട്ടുകളിലേക്ക് വെള്ളി, ശനി ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. അടഞ്ഞ സ്ഥലങ്ങളില്‍ പുകവലിക്കാനും ആഹാരം കഴിക്കാനും വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

12. ഡ്രൈവിംഗ് സ്‌കൂളുകള്‍, സിനിമ തിയറ്ററുകള്‍ എന്നിവ അടച്ചിടും. 

13. സ്വകാര്യ വിദ്യാഭ്യാസ/ ട്രെയിനിങ് സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയായിരിക്കും. 

14. പബ്ലിക് പാര്‍ക്കുകള്‍, മ്യൂസിയം, ലൈബ്രറികള്‍, നഴ്‌സറികള്‍ എന്നിവ അടച്ചിടും. 

15. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് ഭിന്നശേഷികാര്‍ക്കുള്ള വ്യക്തിഗത ക്ലാസ്സുകള്‍ നടത്താം. 

16. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയുള്ള ദേശീയ അന്തര്‍ദേശീയ കായിക ടീമുകള്‍ക്ക് ഇന്‍ഡോര്‍-ഔട്ടഡോര്‍ പരിശീലനങ്ങള്‍ നടത്താം. മന്ത്രാലയത്തിന്റെ അുമതിയോടെ ദേശീയ- അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാം. 

17. രാജ്യത്ത് നടക്കാനിരിക്കുന്ന പ്രധാന കോണ്‍ഫ്രന്‍സ്, എക്‌സിബിഷന്‍, പരിപാടികള്‍ മാറ്റിവെച്ചു

18. മാളുകളിലെ പ്രവര്‍ത്തന ശേഷി 30 ശതമാനത്തില്‍ കൂടാന്‍ പാടില്ല. 16 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശാനാനുമതിയില്ല. മാളുകളിലെ  പ്രാര്‍ത്ഥനാ മുറി, ഡ്രെസ്സ് ചെയ്ഞ്ചിങ് റൂം, റെസ്റ്റോറന്റ് തുടങ്ങിയവ അടച്ചിടും. റെസ്‌റ്റോറന്റുകളില്‍ പാര്‍സല്‍ സൗകര്യങ്ങളും ഹോം ഡെലിവറിയും ഉണ്ടായിരിക്കും. 

19. കഫേകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. ഇവിടങ്ങളില്‍ നിന്നും പാര്‍സല്‍ സര്‍വീസിനും ഹാം ഡെലിവറിയ്ക്കും മാത്രമെ അനുമതി ഉണ്ടാവുകയുള്ളു. 

20. വാടകയ്ക്ക് ലഭിക്കുന്ന ബോട്ടുകള്‍, ക്രൂയിസ് ബോട്ടുകള്‍, ഉല്ലാസ നൗകകള്‍ എന്നിവ ഒരേ വീട്ടിലെ കുടുംബാംഗങ്ങള്‍ക്ക് അനുമതി ഉണ്ടാകും. ബോട്ടുകളില്‍ വെച്ച് നടക്കുന്ന ചടങ്ങുകളില്‍ ഒരേ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് മാത്രമേ അനുമതി ഉണ്ടാവുകയുള്ളു. പുറത്ത് നിന്നുള്ളവരാണെങ്കില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച അഞ്ച് പേര്‍ക്ക് മാത്രമായിരിക്കും അനുമതി നല്‍കുക. 

21. സൂക്കുകള്‍, ഹോള്‍സെയില്‍ മാര്‍ക്കറ്റ് എന്നിവടങ്ങളില്‍ 30 ശതമാനത്തില്‍ കവിയാത്ത ശേഷിയില്‍ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കില്ല. വെള്ളി, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കില്ല. 

22. ബ്യൂ്ട്ടിപാര്‍ലറുകള്‍, ഹെയര്‍ സലൂണ്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, മറ്റ് വിനോദ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കില്ല. 

23. ഹെല്‍ത്ത് ക്ലബ്ബുകള്‍, ഫിസിക്കല്‍ ട്രെയിനിങ് സെന്ററുകള്‍, മസാജ് സെന്ററുകള്‍, ജാക്കൂസി സര്‍വീസ്, സോനാ ബാത്ത്, സ്റ്റീം ബാത്ത്, മൊറോക്കന്‍ ആന്റ് ടര്‍ക്കിഷ് ബാത്തുകള്‍,സ്വിമ്മിംങ് പൂളുകള്‍, വാട്ടര്‍പാര്‍ക്കുകള്‍ എന്നിവയ്ക്ക പ്രവര്‍ത്തനാനുമതിയില്ല. 

24. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എമര്‍ജന്‍സി സര്‍വീസ് ഒഴികെയുള്ള മറ്റു മെഡിക്കല്‍ സര്‍വീസുകള്‍ക്ക് അനുമതി ഉണ്ടാകില്ല. 

25. ക്ലീനിങ്ങ്, ഹോസ്പിറ്റാലിറ്റി കമ്പനികള്‍ക്ക് കരാറേറ്റെടുത്തിരിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം കഴിഞ്ഞതിന് ശേഷമേ തങ്ങളുടെ സേവനങ്ങള്‍ക്ക് അനുമതിയുള്ളു. വീടുകളില്‍ ഒരാള്‍ക്ക് മാത്രമെ അനുമതി ഉണ്ടാകു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top