News Desk

2021-04-12 12:53:47 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ 50 ശതമാനം ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പരമോന്നത നീതി പീഠത്തിലെ 90 ജീവനക്കാരില്‍ നടത്തിയ പരിശോധനയില്‍ 44 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 

കോടതി മുറികള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സുപ്രീകോടതിയിലെ മുറികളും ചേമ്പറുകളും അടക്കം അണുവിമുക്തം ആക്കിയ ശേഷമായിരിക്കും വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുക. ഇന്ന് ഒരു മണിക്കൂര്‍ വൈകിയാകും കോടതി നടപടികള്‍ ആരംഭിക്കുക. 

രോഗലക്ഷണമുള്ള ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇതേതുടര്‍ന്ന് ജഡ്ജിമാര്‍ ആരും ഇന്ന് സുപ്രീംകോടതിയിലെത്തിയില്ല. വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയായിരുന്നു സിറ്റിംഗ്.

ഒന്‍പത് മാസത്തിന് ശേഷമാണ് ജഡ്ജിമാര്‍ സുപ്രീംകോടതിയിലേക്ക് വരാത്ത സാഹചര്യമുണ്ടാകുന്നത്. സുപ്രീംകോടതി കെട്ടിടവും കോടതി മുറികളും അണുവിമുക്തമാക്കി. ഇന്ന് ഒരു മണിക്കൂര്‍ വൈകിയാണ് സിറ്റിംഗുകള്‍ ആരംഭിച്ചത്.

അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ വ്യക്തമാക്കി. കൊവിഡ് സാഹചര്യം കാരണം കോടതി നടപടികള്‍ തടസപ്പെടില്ല.

1600 വീഡിയോ കോണ്‍ഫറന്‍സിംഗ് ലിങ്കുകള്‍ അടക്കം ആവശ്യമുള്ള സാങ്കേതിക സൗകര്യങ്ങള്‍ നിലവിലുണ്ടെന്നും ഉന്നത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top