News Desk

2021-03-23 09:56:36 pm IST
ദോഹ: ഖത്തറിലേക്ക് മടങ്ങി വരാന്‍ ഈ മാസം 85,000 പേരാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ഡിസ്‌കവര്‍ ഖത്തര്‍. മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റൈനില്‍ കഴിയാനായി 60 ഹോട്ടലുകളും മെക്കെയ്ന്‍സ് ലൊക്കേഷനുകളും സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. 

2020 നവംബറില്‍ രാജ്യത്തേക്ക് മടങ്ങിയെത്തിയതിനെക്കാള്‍ ഇരട്ടിയിലേറെ പേരാണ് മാര്‍ച്ചില്‍ ഖത്തറിലേക്ക് മടങ്ങിയെത്താനിരിക്കുന്നത്. ക്വാറന്റൈന്‍ സൗകര്യങ്ങള്‍ വര്‍ധിച്ചതിനാലാണ് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത്.

ക്വാറന്റൈന്‍ ശേഷി വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആളുകള്‍ തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഹോട്ടലുകള്‍ ബുക്ക് ചെയ്യണമെന്നും ഡിസ്‌കവര്‍ ഖത്തര്‍ വാര്‍ത്താക്കുറിപ്പില്‍ നിര്‍ദേശിച്ചു.

ഖത്തറിലെ വെല്‍ക്കം ഹോം ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജ് 2,300 റിയാല്‍ മുതലാണ് ആരംഭിക്കുന്നത്. ദിവസവും മൂന്ന് നേരം ഭക്ഷണം, ഒരു പി.സി.ആര്‍ പരിശോധന, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്ര തുടങ്ങിയവ പാക്കേജില്‍ ഉള്‍പ്പെടുന്നു. 

ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ തുടങ്ങി 60 ല്‍ അധികം ഹോട്ടലുകളില്‍ നിന്ന് ഇഷ്ടമുള്ളത് അതിഥികള്‍ക്ക് തെരഞ്ഞെടുക്കാം. വലിയ കുടുംബങ്ങള്‍ക്ക് രണ്ട് അല്ലെങ്കില്‍ മൂന്ന് ബെഡ്റൂം ഉള്ള വില്ലകളും ലഭ്യമാണ്. മറ്റ് രാജ്യങ്ങളില്‍ ഇതുപോലെ ഹോട്ടല്‍ തെരഞ്ഞെടുക്കാനുള്ള അവസരമോ നിശ്ചിത വിലയോ ലഭ്യമല്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

മെക്കെയ്ന്‍സ് പാക്കേജുകള്‍ ആരംഭിക്കുന്നത് 1,820 റിയാല്‍ മുതലാണ്. മെക്കെയ്ന്‍സ് പാക്കേജുകളില്‍ ഒരു സിം കാര്‍ഡ് ഉള്‍പ്പെടെയുള്ള മൊബൈല്‍ ഫോണ്‍, വൈഫൈ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നു. 

ഡിസ്‌കവര്‍ ഖത്തറിന്റെ കോള്‍ സെന്ററില്‍ നിലവില്‍ 55 പേരാണ് അറബി ഭാഷയില്‍ സഹായങ്ങള്‍ നല്‍കാനായി ഉള്ളത്. ഏപ്രില്‍ ആദ്യം ഇത് 95 ആയി വര്‍ധിപ്പിക്കും. 24 മണിക്കൂറും കോള്‍ സെന്ററിന്റെ സേവനം ലഭ്യമാണ്. ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റിന്റെ അറബി പതിപ്പും ഏപ്രിലില്‍ സജ്ജമാകും. 

13,000 റീഫണ്ടുകളാണ് ഡിസ്‌കവര്‍ ഖത്തര്‍ ഇതുവരെ കൈകാര്യം ചെയ്തത്. റീഫണ്ടായി 1.2 കോടി ഡോളറാണ് ഇതുവരെ നല്‍കിയത്. 50,000 മെക്കെയ്ന്‍സ് റീഫണ്ടുകളിലായി 1.1 കോടി ഡോളറാണ് ഡിസ്‌കവര്‍ ഖത്തര്‍ പ്രൊസസ് ചെയ്തത്. 

ഖത്തറിന്റെ യാത്രാ നയം അനുസരിച്ച് ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഹോം ക്വാറന്റൈനാണ് നിഷ്‌കര്‍ഷിക്കുന്നത്. അതേസമയം, ഗ്രീന്‍ ലിസ്റ്റിനു പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈനാണ് വേണ്ടത്. രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top