News Desk

2021-03-29 03:54:13 pm IST
ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജയില്‍ മോചിതരായത് 69 ഇന്ത്യന്‍ തടവുകാരാണെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍. എംബസിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഖത്തറിലെ ജയിലില്‍ 411 ഇന്ത്യന്‍ തടവുകാരാണ് ഉള്ളതെന്നും ഈയടുത്ത് 251 തടവുകാരെ എംബസി അധികൃതര്‍ സന്ദര്‍ശിച്ചതായും അംബാസഡര്‍ പറഞ്ഞു.

ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയാണെന്നും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഇന്ത്യയില്‍ ഓഫീസ് തുറക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍നിന്ന് കഴിഞ്ഞ വര്‍ഷം രണ്ടു കോടി രൂപയാണ് ചെലവഴിച്ചത്. പ്രവാസികളെ നാട്ടിലെത്തിക്കല്‍, വിമാനടിക്കറ്റ്, മൃതദേഹം കൊണ്ടുപോകല്‍ തുടങ്ങിയവക്കായാണ് ഈ തുക വിനിയോഗിച്ചതെന്നും അംബാഡര്‍ വ്യക്തമാക്കി.

ദോഹയില്‍ നീറ്റ് പരീക്ഷകേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുമായി ആശയവിനിമയം നടത്തുകയാണ്. ഖത്തറിലെ ആദ്യത്തെ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ശാഖ സെപ്റ്റംബറിലോ ഒക്‌ടോബറിലോ പ്രവര്‍ത്തനം ആരംഭിക്കും.

കൊവിഡ് കാലത്തും ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എംബസി സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നല്‍കാനായുള്ള പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉടന്‍ നിലവില്‍ വരും. വിവിധ ഭാഷകളില്‍ സേവനം നല്‍കുന്ന കാള്‍ സെന്റര്‍ തുടങ്ങാനും പദ്ധതിയുണ്ട്.

അതേസമയം, 2021 ജനുവരി മുതല്‍ 12,000ത്തിലധികം പുതിയ പാസ്‌പോര്‍ട്ടുകള്‍ നല്‍കാനായെന്നും രണ്ടായിരത്തോളം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, 7400 അറ്റസ്‌റ്റേഷന്‍ എന്നിവയും ഇക്കാലയളവില്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണ്‍ലൈനില്‍ അപ്പോയന്റ്‌മെന്റുകള്‍ നല്‍കിയാണ് കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കുന്നത്. എന്നാല്‍, അടിയന്തര ആവശ്യങ്ങളില്‍ പെട്ടെന്നുള്ള അപ്പോയന്റ്‌മെന്റുകളും നല്‍കുന്നുണ്ട്. ഏഷ്യന്‍ ടൗണില്‍ സംഘടിപ്പിച്ച കോണ്‍സുലാര്‍ ക്യാമ്പില്‍ നിരവധി ഇന്ത്യക്കാര്‍ക്ക് സേവനം നല്‍കി. എല്ലാമാസവും ഇത്തരം ക്യാമ്പുകള്‍ നടത്താനാണ് പദ്ധതി.

അല്‍ഖോറിലെ മത്സ്യബന്ധനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാര്‍ക്കുവേണ്ടി പ്രത്യേകം കോണ്‍സുലാര്‍ ക്യാമ്പ് നടത്തും. ഇതുകൂടാതെ 2020ല്‍ എംബസിക്ക് ലഭിച്ച 2,437 പരാതികളില്‍ 2196 എണ്ണവും പരിഹരിച്ചിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top