News Desk

2021-05-19 04:23:41 pm IST

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളില്‍ മൂന്നിലൊന്ന് പേരും എത്രയും വേഗം രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവരാണെന്ന് സര്‍വേ. ഗ്ലോബല്‍ എക്സ്പാറ്റ് നെറ്റ്വര്‍ക്കായ ഇന്റര്‍നാഷന്‍സ് എന്ന ഏജന്‍സി നടത്തിയ സര്‍വേയിലാണ് പ്രവാസികളിലെ മൂന്നിലൊന്നു പേര്‍ സ്വന്തം നാട്ടിലേക്കോ മറ്റേതെങ്കിലും ഗള്‍ഫ് നാടുകളിലേക്കോ പോകാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയത്. 

കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയാണ് ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതെന്നും സര്‍വേ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

പ്രവാസികള്‍ക്ക് ജീവിക്കാനും താമസിക്കാനും ജോലി ചെയ്യാനുമുള്ള താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഷം തോറും നടത്തുന്ന എക്സ്പാറ്റ് ഇന്‍സൈഡര്‍ 2021 സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ ആഗോള തലത്തില്‍ 58-ാമത് സ്ഥാനത്താണ് കുവൈത്ത്. 

ജീവിത നിലവാരം, വിനോദത്തിനുള്ള സൗകര്യങ്ങള്‍, വ്യക്തിപരമായ സന്തോഷം, യാത്രാ സൗകര്യം, താമസിക്കാനുള്ള എളുപ്പം തുടങ്ങിയ കാര്യങ്ങളില്‍ ഏറെ പിറകിലാണ് കുവൈത്ത്. 

കുവൈത്തിലെ തദ്ദേശീയ സമൂഹവുമായി ഇഴകിച്ചേരാന്‍ സാധിച്ചിട്ടില്ലെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 46 ശതമാനം പേരും അഭിപ്രായപ്പെട്ടു. പുതിയ സുഹൃത്തുക്കളെ കണ്ടെത്താന്‍ പ്രയാസമാണെന്ന് 51 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കുവൈത്തികളുമായി ചങ്ങാത്തം കൂടാന്‍ പ്രയാസമാണെന്നാണ് 62 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

ആരോഗ്യ സുരക്ഷ സൂചകങ്ങളില്‍ ആഗോള തലത്തില്‍ 56 ആണ് കുവൈത്തിന്റെ സ്ഥാനം. സുരക്ഷയുടെ കാര്യത്തില്‍ 39-ഉം ഡിജിറ്റല്‍ ലൈഫിന്റെ കാര്യത്തില്‍ 49-ഉം പരിസ്ഥിതി ഗുണനിലവാരത്തില്‍ 58-ഉം സ്ഥാനങ്ങളിലാണ് കുവൈത്തുള്ളത്. പ്രവാസികളില്‍ 53 ശതമാനം ആളുകളും വാര്‍ത്തികളും വിവരങ്ങളും അറിയാന്‍ കൂടുതല്‍ ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top