News Desk

2021-03-09 11:37:33 am IST
റിയാദ്: പ്രാര്‍ത്ഥനക്കെത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൗദിയിലെ എട്ട് പള്ളികള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. പള്ളിയിലെത്തിയ പത്ത് വിശ്വാസികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 29 ദിവസത്തിനുള്ളില്‍ രാജ്യത്ത് 236 പള്ളികള്‍ അടച്ചിട്ടിരിക്കുകയാണെന്ന് ഇസ്ലാമിക് അഫയേഴ്സ്, ദാവസ ഗൈഡന്‍സ് മന്ത്രാലയത്തെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അണുവിമുക്തമാക്കിയ ശേഷം 224 പള്ളികള്‍ വീണ്ടും തുറന്നു.

തിങ്കളാഴ്ച അടച്ച ആറ് പള്ളികള്‍ റിയാദിലും ഒന്ന് മദീനയിലും മറ്റൊന്ന് തബൂക്കിലുമാണെന്ന് മന്ത്രാലയം അറിയിച്ചു. അണുവിമുക്തമാക്കിയതിന് ശേഷം മക്ക, കാസിം, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നേരത്തെ അടച്ച ആറ് പള്ളികള്‍ വീണ്ടും തുറന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് രൂക്ഷമായി തുടരുന്ന ഈ സാഹചര്യത്തില്‍ എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്നും കൊവിഡ് നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം വിശ്വാസികളോടും പള്ളി അധികാരികളോടും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പ്രാര്‍ഥിക്കാന്‍ എത്തിയവരില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സൗദിയിലെ 10 പള്ളികള്‍ അടച്ചിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ നടപ്പാക്കിയ കൊവിഡ് നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവ് ഏര്‍പ്പെടുത്തിയിരുന്നു. ഞായറാഴ്ച മുതലാണ് ഇളവ് പ്രാബല്യത്തില്‍ വന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top