News Desk

2021-03-23 02:37:36 pm IST

ദോഹ: ഖത്തറിലെ 80 ശതമാനം അധ്യാപകരും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളും കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചുവെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുഹമ്മദ് അല്‍ ബിഷ്രി പറഞ്ഞു. രാജ്യത്തെ കൊവിഡിന്റെ സ്ഥിതികള്‍ നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊതുജനാരോഗ്യ മന്ത്രാലയവുമായുള്ള ഏകോപനം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം ഖത്തര്‍ ടി.വിയോട് പറഞ്ഞു. 

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ഒരു സ്‌കൂള്‍ ജീവനക്കാരനെയും നിര്‍ബന്ധിക്കില്ലെന്നും എന്നാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ ആഴ്ചതോറും കൊവിഡ്-19 സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്സിനേഷന് അര്‍ഹരായ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പട്ടിക തയ്യാറാക്കി ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു. 

സ്‌കൂളുകളിലെ ഹാജര്‍ നിരക്ക് 30 ശതമാനം ആയി കുറയ്ക്കാനുള്ള തീരുമാനം രാജ്യത്തെ ഏറ്റവും പുതിയ കൊവിഡ്-19 സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അല്‍ ബിഷ്രി പറഞ്ഞു. എല്ലാ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സ്‌കൂളുകളിലെ മറ്റ് ജീവനക്കാരുടെയും സംരക്ഷണം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ തീരുമാനം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്‌കൂളിന് പുറത്തുള്ള മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണം. ചെറിയ ലക്ഷണങ്ങള്‍ കാണിച്ചാല്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു. കുട്ടികളുടെ പ്രതിരോധശേഷി ദുര്‍ബലമായതിനാലും വൈറസ് ബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാലുമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ആരോഗ്യ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ഏതെങ്കിലും നിയമലംഘനമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും വരാനിരിക്കുന്ന പരീക്ഷകളുടെ ഷെഡ്യൂള്‍ സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top